ബൈക്കിൽ കടത്തിയ വോട്ടിങ് മെഷീൻ റോഡിലേക്ക് വീണു; പോളിങ് ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും പരിശോധനയിൽ കണ്ടെടുത്തത് 1.12 ലക്ഷം രൂപ; അന്വേഷണം

ചെന്നൈ: തമിഴ്‌നാട്ടിൽ വോട്ടിങ് മെഷീൻ കടത്തി വോട്ടെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന സംശയത്തിൽ അന്വേഷണം. ഉപയോഗിക്കാത്ത വോട്ടിംഗ് യന്ത്രങ്ങൾ വോട്ടെടുപ്പിന് ശേഷം ഉദ്യോഗസ്ഥർ ചെന്നൈയിലൂടെ ബൈക്കിൽ കൊണ്ടു പോയ സംഭവത്തിലാണ് അന്വേഷണം ആരംഭിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞ് രാത്രിയോടെ നടന്ന സംഭവത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രാഥമിക അന്വേഷണം തുടങ്ങിയത്.

ബൈക്കിൽ ഇവിഎമ്മുമായി സഞ്ചരിച്ചത് ചെന്നൈ കോർപ്പറേഷനിൽ ജോലിചെയ്യുന്ന പോളിങ്ങ് ഓഫീസർമാരാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് പുറത്ത് വരുന്നതോടെ തുടർ നടപടി സ്വീകരിക്കും. രണ്ട് ഇവിഎമ്മുകളുമായി നാല് പേർ ബൈക്കിൽ സഞ്ചരിക്കുമ്പോൾ ചെന്നൈ വേളാച്ചേരിയിൽ വെച്ച് വോട്ടിങ് മെഷീനുകളിൽ ഒന്ന് വീണുപോവുകയും ഇതുകണ്ട നാട്ടുകാർ ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയുമായിരുന്നു.

രണ്ട് ബൈക്കുകളിലായി കൊണ്ടുപോയ ഇവിഎമ്മുകളിലൊന്നാണ് തരമണിയിൽ വെച്ച് റോഡിലേക്ക് വീണത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ബൈക്കിലുണ്ടായിരുന്നവരെ തടഞ്ഞുവെയ്ക്കുകയും പരിശോധന നടത്തുകയും ചെയ്തു. തുടർന്ന് ഇവരിൽ നിന്ന് 1.12 ലക്ഷം രൂപയും കണ്ടെടുത്തു.

ഡിഎംകെ, കോൺഗ്രസ് പ്രവർത്തകർ എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുമുണ്ടായി. പോളിങ്ങ് ഓഫീസർമാരാണ് എന്ന് ബൈക്കിലുള്ളവർ വിശദീകരിച്ചെങ്കിലും പോലീസ് എത്തിയ ശേഷമാണ് സ്ഥിതിഗതികൾ നിയന്ത്രിക്കാനായത്.

ഡിഎംകെ, കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഉദ്യോഗസ്ഥരിൽ നിന്ന് കണ്ടെടുത്ത പണത്തെക്കുറിച്ചും ഇവരുടെ രാഷ്ട്രീയ ബന്ധത്തേക്കുറിച്ചും അന്വേഷിക്കണമെന്ന് നേതാക്കൾ ത രെഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version