‘കലാശക്കൊട്ടിനിടക്ക് ഏറു വരും കൊള്ളില്ല; പക്ഷെ ബോധം കെടണം; ഇത് കോണ്‍ഗ്രസിന്റെ അവസാനത്തെ അടവ്’; ആലത്തൂരിലെ കല്ലേറ് കോണ്‍ഗ്രസ് നാടകമെന്ന് ഷാഹിദ കമാലും

യുഡിഎഫ് പ്രവര്‍ത്തകര്‍ തന്നെയാണ് കല്ലേറ് നടത്തിയതെന്നും ഇത് സഹതാപം പിടിച്ചുപറ്റാനുള്ള യുഡിഎഫ് തന്ത്രമാണെന്നും സൂചനയുണ്ട്.

തൃശ്ശൂര്‍: ആലത്തൂര്‍ മണ്ഡലത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടയ്ക്ക് ഉണ്ടായ കല്ലേറ് സംഭവത്തില്‍ വിവാദം കത്തുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കല്ലേറില്‍ പരിക്കേറ്റെന്ന് പറഞ്ഞ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് കല്ലേറ് നടത്തിയതെന്നാണ് ആരോപണമെങ്കിലും യുഡിഎഫ് പ്രവര്‍ത്തകര്‍ തന്നെയാണ് കല്ലേറ് നടത്തിയതെന്നും ഇത് സഹതാപം പിടിച്ചുപറ്റാനുള്ള യുഡിഎഫ് തന്ത്രമാണെന്നും സൂചനയുണ്ട്. ഇക്കാര്യം സൂചിപ്പിച്ച് മഹിളാ കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയും വനിതാ കമ്മീഷന്‍ അംഗവുമായ ഷാഹിദാ കമാല്‍ തന്നെ രംഗത്തെത്തി.

മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയായ ഷാഹിദ കമാല്‍ പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇത്തരത്തിലുള്ള കലാശക്കൊട്ടിനിടയിലെ വ്യാജ കല്ലേറ് കോണ്‍ഗ്രസിന്റെ പഴയതന്ത്രമാണെന്നും മുമ്പ് തന്നോടും ഇക്കാര്യം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അന്തസില്ലാത്ത പരിപാടിയായി തോന്നിയതിനാല്‍ താന്‍ പിന്മാറുകയായിരുന്നെന്നും ഷാഹിദാ കമാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം തന്ത്രങ്ങള്‍ കോണ്‍ഗ്രസിന്റെ പതിവാണെന്നാണ് അവര്‍ വെളിപ്പെടുത്തുന്നത്. കലാശക്കൊട്ടിനിടയ്ക്ക് കല്ലേറ് വരുമെന്നും ദേഹത്ത് തട്ടില്ലെന്നും ബോധം കെട്ടുകൊള്ളണമെന്നാണ് കോണ്‍ഗ്രസ് നിര്‍ദേശിക്കാറുള്ളതെന്നും കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് സിപിഎമ്മില്‍ ചേര്‍ന്ന ഷാഹിദാ കമാല്‍ പറയുന്നു.

അതേസമയം, രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി എന്ന് ആരോപിച്ച് വോട്ട് പിടിക്കാന്‍ ശ്രമിച്ചത് കോണ്‍ഗ്രസിന്റെ കുതന്ത്രമാണെന്ന് അനില്‍ അക്കര എംഎല്‍എയുടെ വീഡിയോ പുറത്തുവന്നതോടെ തന്നെ ജനങ്ങള്‍ക്ക് വെളിപ്പെട്ടിരുന്നു.

യുഡിഎഫ് പ്രവര്‍ത്തകരുടെ വാഹനത്തില്‍ നിന്നു തന്നെ കല്ലേറ് വരുന്നതും ചതിക്കല്ലേടാ, എറിയല്ലേടാ എന്നൊക്കെ പറഞ്ഞ് പ്രവര്‍ത്തകരുടെ കല്ലേറ് തടയാന്‍ അനില്‍ അക്കര എംഎല്‍എ ശ്രമിക്കുന്നതും ഈ വീഡിയോയില്‍ വ്യക്തമായിരുന്നു. വ്യാജപ്രചാരണം നടത്തി വോട്ട് തേടാനുള്ള യുഡിഎഫിന്റെ തന്ത്രങ്ങള്‍ പാളിയെന്നുതന്നെയാണ് സോഷ്യല്‍മീഡിയയും വിശദീകരിക്കുന്നത്.

ഷാഹിദാ കമാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കലാശക്കൊട്ട് കണ്ടപ്പോള്‍ പഴയ ഒരു തെരഞ്ഞെടുപ്പ് ഓര്‍മ്മ പങ്കു വയ്ക്കുന്നു. കലാശകൊട്ടിനിടയില്‍ ഏറു വരും, ദേഹത്ത് കൊള്ളില്ല. പക്ഷേ ഉടന്‍ ബോധംകെട്ട് വീഴണം. അവസാനത്തെ അടവാണ്. എന്നാല്‍ അന്തസ്സുകെട്ട ഒരു പ്രവര്‍ത്തിയായി തോന്നിയതിനാല്‍ അന്ന് ഞാന്‍ അതിന് തയ്യാറായില്ല

Exit mobile version