15ഓളം വരുന്ന സംഘം മര്‍ദ്ദിച്ചത് ‘കല്ലട സുരേഷേട്ടനെതിരെ പോലീസില്‍ പരാതി കൊടുക്കുമോ’ എന്ന് ആക്രോശിച്ച്; ഒരു ലക്ഷം രൂപയും ബാഗും തട്ടിയെടുത്തെന്നും മര്‍ദ്ദനത്തിന് ഇരയായ യുവാവ്

ബസ് ജീവനക്കാരും ഗുണ്ടകളും ഉള്‍പ്പെടെ പതിനഞ്ചോളംപേര്‍ വൈറ്റിലയില്‍വച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് അജയഘോഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

കൊച്ചി: ഇന്നലെ ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ ബസ് കേടായതിനെ തുടര്‍ന്ന് ബദല്‍ സംവിധാനം ആവശ്യപ്പെട്ട യാത്രക്കാര്‍ക്ക് കല്ലട ബസ് ജീവനക്കാരില്‍നിന്ന് നേരിടേണ്ടി വന്നത് അതിക്രൂരമര്‍ദ്ദനമാണ്. 15ഓളം വരുന്ന കല്ലടയിലെ ജീവനക്കാരാണ് യാത്രക്കാരായ യുവാക്കളെ ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയതെന്ന് മര്‍ദ്ദനമേറ്റ അജയ്‌ഘോഷ് എന്ന യുവാവ് പ്രതികരിക്കുന്നു. ബസ് ജീവനക്കാരും ഗുണ്ടകളും ഉള്‍പ്പെടെ പതിനഞ്ചോളംപേര്‍ വൈറ്റിലയില്‍വച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് അജയഘോഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഫോണും പെട്ടിയും ഒരു ലക്ഷം രൂപയും തട്ടിയെടുത്തെന്നും തലയ്ക്ക് കരിങ്കല്ല് കൊണ്ടെറിഞ്ഞെന്നും അജയ്‌ഘോഷ് പറയുന്നു. കല്ലട സുരേഷേട്ടനെതിരെ പോലീസില്‍ പരാതി കൊടുക്കുമോ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനമെന്നും ഈ യുവാവ് വെളിപ്പെടുത്തുന്നു.

ഇന്നലെ തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട സുരേഷ് കല്ലട ട്രാവല്‍സിന്റെ ബസ് ഹരിപ്പാട് വെച്ച് കേടായിരുന്നു ഇത് യാത്രക്കാരായ ഒരു കൂട്ടം യുവാക്കള്‍ ചോദ്യം ചെയ്യുകയും ജീവനക്കാരോട് ബദല്‍ സംവിധാനം ആവശ്യപ്പെടുകയുമായിരുന്നു. പിന്നീട് മറ്റൊരു ബസ് എത്തിച്ച് യാത്ര തുടര്‍ന്നെങ്കിലും, ബസ് വൈറ്റിലയില്‍ എത്തിയതോടെ കല്ലടയിലെ കൂടുതല്‍ ജീവനക്കാര്‍ ബസിലേക്ക് ഇടിച്ചകയറിയെത്തി സംഘം ചേര്‍ന്ന് യുവാക്കളെ ക്രൂരമായി മര്‍ദ്ദനത്തിന് ഇരയാക്കുകയുമായിരുന്നു.

അതേസമയം, യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. സംഭവത്തില്‍ കര്‍ശ്ശന നടപടിയെടുക്കുമെന്നും സുരേഷ് കല്ലട ട്രാവല്‍സിന്റെ എല്ലാ ബസുകളും രേഖകളും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലടയിലെ രണ്ടു ജീവനക്കാര്‍ അറസ്റ്റിലുമായി. മാനേജര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കസ്റ്റഡിയിലുണ്ട്. കല്ലട ബസിന്റെ ഉടമയെ വിളിച്ച് വരുത്താനും എഡിജിപി മനോജ് എബ്രഹാമിന് ഡിജിപി നിര്‍ദേശം നല്‍കി. കമ്പനി പ്രതിനിധികളോട് പോലീസ് ആസ്ഥാനത്ത് ഹാജരാകാനും നിര്‍ദേശമുണ്ട്. സര്‍വീസ് നിര്‍ത്തലാക്കാനുള്ള നടപടികള്‍ ഗതാഗത കമ്മീഷണറുമായി സംസാരിച്ചെന്നും ഡിജിപി പറഞ്ഞു.

Exit mobile version