കല്ലടയുടെ സര്‍വീസ് വ്യവസ്ഥകള്‍ ലംഘിച്ച്; പെര്‍മിറ്റ് റദ്ദാക്കി; എല്ലാ ബസുകളും പരിശോധിക്കും; പോലീസ് കര്‍ശ്ശന നടപടിക്ക്

യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി.

കൊച്ചി: ബസ് കേടായി വഴിയിലായത്‌ ചോദ്യം ചെയ്തതിന് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. കര്‍ശ്ശന നടപടിയെടുക്കുമെന്നും സുരേഷ് കല്ലട ട്രാവല്‍സിന്റെ എല്ലാ ബസുകളും രേഖകളും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കല്ലടയിലെ രണ്ടു ജീവനക്കാര്‍ അറസ്റ്റിലുമായി. മാനേജര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കസ്റ്റഡിയിലുണ്ട്.

കല്ലട ബസ് പിടിച്ചെടുക്കാനും പ്രതികള്‍ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. കല്ലട ബസിന്റെ ഉടമയെ വിളിച്ച് വരുത്താനും എഡിജിപി മനോജ് എബ്രഹാമിന് ഡിജിപി നിര്‍ദേശം നല്‍കി. കമ്പനി പ്രതിനിധികളോട് പോലീസ് ആസ്ഥാനത്ത് ഹാജരാകാനും നിര്‍ദേശമുണ്ട്. സര്‍വീസ് നിര്‍ത്തലാക്കാനുള്ള നടപടികള്‍ ഗതാഗത കമ്മീഷണറുമായി സംസാരിച്ചെന്നും ഡിജിപി പറഞ്ഞു.

കല്ലടയുടെ ആക്രമണത്തില്‍ ഗതാഗത കമ്മിഷണറോട് മന്ത്രി എ കെ ശശീന്ദ്രന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. വ്യവസ്ഥകള്‍ ലംഘിച്ച് ബസ് സര്‍വീസ് നടത്തിയെന്നാണ് വിവരം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി ശശീന്ദ്രന്‍ പ്രതികരിച്ചു.

ഇന്നലെ തിരുവനന്തപുരത്തു നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട കല്ലട ബസ് ഹരിപ്പാട് വെച്ച് കേടായിരുന്നു ഇത് യാത്രക്കാരായ യുവാക്കള്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് മറ്റൊരു ബസ് എത്തിച്ച് യാത്ര തുടരുകയായിരുന്നു. ഇതിനിടെ വൈറ്റിലയില്‍ ബസ് എത്തിയതോടെ കല്ലടയിലെ കൂടുതല്‍ ജീവനക്കാരെത്തി സംഘം ചേര്‍ന്ന് ചോദ്യം ചെയ്ത യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദനത്തിന് ഇരയാക്കുകയുമായിരുന്നു. ഫോണും പെട്ടിയും ഒരു ലക്ഷം രൂപയും തട്ടിയെടുത്തു. തലയ്ക്ക് കരിങ്കല്ല് കൊണ്ടെറിഞ്ഞു. കല്ലട സുരേഷേട്ടനെതിരെ പോലീസില്‍ പരാതി കൊടുക്കുമോ എന്നു ചോദിച്ചായിരുന്നു ആക്രമണമെന്ന് മര്‍ദ്ദനത്തിനിരയായ അജയഘോഷ് പറയുന്നു.

Exit mobile version