ആലുവയില്‍ മൂന്നു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചത് അമ്മ തന്നെ; ആദ്യം പറഞ്ഞത് ടെറസില്‍ നിന്നും വീണ് പരിക്കേറ്റെന്ന്; കുട്ടിയുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു

കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ടെറസില്‍ നിന്നും വീണ് പരിക്കേറ്റതാണെന്നായിരുന്നു അമ്മ നല്‍കിയ മൊഴി.

ആലുവ: മൂന്നുവയസുകാരനെ ദുരൂഹ സാഹചര്യത്തില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ പോലീസ് മാതാപിതാക്കളുടെ അറസ്റ്റിലേക്ക് നീങ്ങിയേക്കും. അനുസരണക്കേട് കാണിച്ച കുട്ടിയെ അമ്മ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അമ്മ പോലീസിനോട് കുറ്റം സമ്മതിച്ചതായാണ് സൂചന. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തുവെന്ന് അമ്മ പോലീസിനോട് വിശദമാക്കി.

അതേസമയം, കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും തലച്ചോറിനകത്തെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും മരുന്നുകളോടും പ്രതികരിക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്.

ഇതിനിടെ, കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തുവെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. സാമൂഹ്യ നീതി വകുപ്പിനാണ് ചികിത്സയുടെ ചുമതല നല്‍കിയിരിക്കുന്നത്. ഡോക്ടര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാലനീതി നിയമം അനുസരിച്ചും വധശ്രമത്തിനും കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.

കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ടെറസില്‍ നിന്നും വീണ് പരിക്കേറ്റതാണെന്നായിരുന്നു അമ്മ നല്‍കിയ മൊഴി. പിന്നീട് മര്‍ദ്ദനത്തെ തുടര്‍ന്നാണ് പരിക്കേറ്റതെന്ന് ഇവര്‍ വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി ആശുപത്രി അധികൃതര്‍ കണ്ടെത്തി. കുഞ്ഞിന്റെ പിന്‍ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെയാണ് ആശുപത്രി അധികൃതര്‍ പോലീസിനേയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തിയത്.

Exit mobile version