കാര്യം നടക്കണമെങ്കില്‍ പെണ്ണുങ്ങളെ അയച്ചിട്ട് കാര്യമില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ത്രീ വിരുദ്ധത മുഖമുദ്രയാക്കി കെ സുധാകരന്‍; വീഡിയോയ്‌ക്കെതിരെ ജനരോഷം ശക്തം

പ്രചാരണത്തിനായി സുധാകരന്‍ തയ്യാറാക്കിയ കടുത്ത സ്ത്രീ വിരുദ്ധ സന്ദേശമുള്ള വീഡിയോയ്‌ക്കെതിരെ സോഷ്യല്‍മീഡിയയിലും പൊതുജനങ്ങള്‍ക്കിടയിലും ശക്തമായ പ്രതിഷേധം ഉയരുകയാണ്.

കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കടുത്ത സ്ത്രീ വിരുദ്ധത പ്രചാരണായുധമാക്കി കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റുമായ കെ സുധാകരന്‍. പ്രചാരണത്തിനായി സുധാകരന്‍ തയ്യാറാക്കിയ കടുത്ത സ്ത്രീ വിരുദ്ധ സന്ദേശമുള്ള വീഡിയോയ്‌ക്കെതിരെ സോഷ്യല്‍മീഡിയയിലും പൊതുജനങ്ങള്‍ക്കിടയിലും ശക്തമായ പ്രതിഷേധം ഉയരുകയാണ്. കാര്യം നടക്കണമെങ്കില്‍ പെണ്ണുങ്ങളെ പറഞ്ഞയിച്ചിട്ട് കാര്യമില്ലെന്നും നല്ല ആണ്‍കുട്ടിയെ തന്നെ പറഞ്ഞയയ്ക്കണമെന്നുമാണ് കെ സുധാകരന്റെ വീഡിയോയില്‍ പറയുന്നത്. സ്ത്രീയെ തെരഞ്ഞെടുത്ത കണ്ണൂരുകാര്‍ക്ക് അബദ്ധം പറ്റിയെന്നും വീഡിയോയില്‍ സൂചിപ്പിക്കുന്നു. ഇനി ഈ അബദ്ധം ആവര്‍ത്തിക്കില്ലെന്നും ഒരബദ്ധം ഏതു പോലീസുകാരനും പറ്റുമെന്നും വിവാദ വീഡിയോയിലെ കഥാപാത്രങ്ങള്‍ പറയുന്നുണ്ട്.

പ്രചാരണത്തിന്റെ ഭാഗമായി നേരത്തെ കെ സുധാകരന്‍ പുറത്തിറക്കിയ ആദ്യ വീഡിയോയില്‍ വിജയിച്ചാല്‍ ബിജെപിയിലേക്ക് പോകില്ലെന്ന് സൂചിപ്പിക്കുന്ന ഭാഗം ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാമത്തെ വീഡിയോയും വിവാദത്തിലായിരിക്കുന്നത്. സ്വത്ത് ഭാഗം വെക്കലെന്ന് ധ്വനിപ്പിക്കുന്ന കഥാസന്ദര്‍ഭവുമായി ബന്ധപ്പെട്ടാണ് സ്ത്രീകള്‍ കഴിവുകെട്ടവരാണെന്നും പഠിപ്പിച്ച് ടീച്ചറാക്കിയിട്ടൊന്നും ഒരു കാര്യവുമില്ലെന്നുമുള്ള പരാമര്‍ശം വീഡിയോയില്‍ കടന്നുവരുന്നത്.

സ്ത്രീകളെ പറഞ്ഞയച്ചാല്‍ ഒരു കാര്യവും നടക്കില്ലെന്ന് പറയുന്ന വീഡിയോയില്‍ ആണ്‍കുട്ടികള്‍ പോയാലേ കാര്യം നടക്കൂ എന്നും പറയുന്നുണ്ട്. സ്ത്രീയെ തെരഞ്ഞെടുത്ത കണ്ണൂരുകാര്‍ക്ക് അബദ്ധം പറ്റിയെന്ന പരാമര്‍ശത്തിലൂടെ ഒരു നാടിനേയും നാട്ടുകാരേയും അപമാനിക്കാനും സുധാകരന്‍ മടിക്കുന്നില്ല.

കോണ്‍ഗ്രസ് പ്രകടന പത്രിക പോലും സ്ത്രീ ശാക്തീകരണവും 33 ശതമാനം പാര്‍ലമെന്റിലെ സംവരണവും ഉയര്‍ത്തിക്കാണിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നതിനിടയിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരസ്യമായ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍.

നേരത്തേയും, കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും പ്രയോഗങ്ങളും നടത്തി കെ സുധാകരന്‍ വിവാദം വിളിച്ചു വരുത്തിയിട്ടുണ്ട്. പെണ്ണുങ്ങളെക്കാള്‍ മോശമാണ് മുഖ്യമന്ത്രിയെന്ന പരാമര്‍ശത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ച കെ സുധാകരനെതിരെ അന്ന് സോഷ്യല്‍ മീഡിയയിലും പൊതുസമൂഹത്തിലും വലിയതോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

Exit mobile version