‘കോടതിയില്‍ കയറി വോട്ട് ചോദിച്ചതിനും മണ്ഡലം മാറി കൈ വീശിയതിനും പിന്നില്‍ കാരണമുണ്ട്; ടൈം മാഗസിന്‍ ട്രോള്‍ വെറുതെയല്ല’ വിശദീകരിച്ച് കണ്ണന്താനം

alphons kannanthanam

കൊച്ചി: ട്രോളുകളിലെ രാജാവാണ് ഇപ്പോള്‍ കേന്ദ്ര ടൂറിസം മന്ത്രിയും എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. കണ്ണന്താനത്തിന്റെ ഒരോ പ്രവര്‍ത്തിയിലും എന്തെങ്കിലും ട്രോളിനുള്ള വക സോഷ്യല്‍മീഡിയ കണ്ടെത്തും. എന്നാല്‍ ട്രോളന്മാരോട് പരിഭവിക്കാതെ കണ്ണന്താനം പറയുന്നത്, ഇനിയും തന്നെയും കൊച്ചിയേയും ട്രോളൂവെന്നാണ്. ഒപ്പം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ എറണാകുളത്തേക്ക് തിരിക്കുന്നതിനിടെ ചാലക്കുടി മണ്ഡലത്തില്‍ ഇറങ്ങി വോട്ട് ചോദിച്ച രസകരമായ സംഭവത്തിനും, കോടതിയില്‍ കയറി വോട്ട് അഭ്യര്‍ത്ഥിച്ച് ട്രോളുകള്‍ വാങ്ങിക്കൂട്ടിയ സംഭവത്തിനും വിശദീകരണവും കണ്ണന്താനം നല്‍കി.

‘ജഡ്ജി വരാതെ ഹാള്‍ കോടതിയാകുന്നില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ആ മുറിയില്‍ വോട്ടു ചോദിക്കാന്‍ ചെന്നത്. മണ്ഡലം മാറി വോട്ടു ചോദിച്ചതായി തന്നെ ട്രോളിയവരോട് പറയാനുള്ളത്, സ്വന്തം മണ്ഡലത്തിലുള്ളവരോടു മാത്രം കൈ വീശിക്കാണിക്കാനും മണ്ഡലം മാറിയാല്‍ കൈ വീശാതിരിക്കാനും തനിക്കാവില്ലെന്നു മാത്രമാണ്’- കണ്ണന്താനം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറയുന്നു. അതേസമയം ട്രോളുകൊണ്ട് തനിക്കു ഗുണമുണ്ടെന്നും കണ്ണന്താനം പറയുന്നു. ടൈം മാഗസിന്‍ തിരഞ്ഞെടുത്ത പ്രമുഖരായ 100 പേരില്‍ ഒരാള്‍ താനായിരുന്നുവെന്ന കാര്യം നാലാള്‍ അറിഞ്ഞതു ട്രോളുവഴിയാണെന്നും കണ്ണന്താനം പറയുന്നു.

കുഗ്രാമത്തില്‍നിന്ന് മണ്ണെണ്ണവിളക്കിനു മുന്നിലിരുന്നു പഠിച്ചാണ് 42 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പാസായത്. അവിടെനിന്നാണ് പഠിച്ചുയര്‍ന്ന് ഐഎഎസ് നേടിയത്. അങ്ങനെ അധ്വാനിച്ചുവളര്‍ന്ന് ഈ നിലയിലെത്തിയ തന്നെ മോശമായി ചിത്രീകരിക്കുന്ന മക്കളേ, നിങ്ങള്‍ എന്തെങ്കിലും നല്ല കാര്യം ചെയ്തു കാണിക്കൂവെന്നും തന്നെ മോശമായി ചിത്രീകരിക്കുന്നവരോടായി കണ്ണന്താനം പറയുന്നു.

Exit mobile version