‘പാകിസ്താന്‍ സൃഷ്ടാക്കളുമായും ജിഹാദികളുമായും സഖ്യമുണ്ടാക്കി രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നു’; വീണ്ടും വിവാദ പരാമര്‍ശവുമായി പികെ കൃഷ്ണദാസ്

കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. പാക് സൃഷ്ടാക്കളുമായും ജിഹാദികളുമായും സഖ്യമുണ്ടാക്കിയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതെന്ന് പികെ കൃഷ്ണദാസ് ആരോപിച്ചു. ഇന്ത്യ എന്ന പൊതുവികാരം ഉയര്‍ത്തിപ്പിടിക്കുന്നതിന് പകരം രാജ്യത്തെ ഉത്തരേന്ത്യയെന്നും ദക്ഷിണേന്ത്യയെന്നും രാഹുല്‍ വിഭജിക്കുകയാണെന്നും കൃഷ്ണദാസ് കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാഹുല്‍ മത്സരിക്കുമ്പോള്‍ ഗുണഭോക്താക്കള്‍ സിപിഎമ്മാണ്. സിപിഎമ്മിനെതിരെ താന്‍ ഒരക്ഷരം പറയില്ലെന്ന രാഹുലിന്റെ പ്രസ്താവന ഇതാണ് വ്യക്തമാക്കുന്നത്. ഇത് അപകടകരമായ പ്രവണതയാണെന്നും വയനാട്ടിലെ ദേശ സ്നേഹികള്‍ ഇതിന് മറുപടി നല്‍കുമെന്നും കൃഷ്ണദാസ് പറഞ്ഞു.

മുസ്ലിം ലീഗ് വൈറസാണെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന പരാമര്‍ശിച്ച കൃഷ്ണദാസ്, യോഗി മാത്രമല്ല ജവഹര്‍ലാല്‍ നെഹ്റു ലീഗിനെ വിശേഷിപ്പിച്ചത് ചത്തകുതിരയെന്നാണെന്നും ഇത് അംഗീകരിക്കുന്നില്ലെങ്കില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ നിലപാടിനെ തള്ളിപ്പറയാന്‍ രാഹുല്‍ഗാന്ധി തയ്യാറാവുമോയെന്നും അദ്ദേഹം ചോദിച്ചു.

Exit mobile version