അന്ന് ആദരിച്ചു ഇന്ന് അപമാനിച്ചു..! പ്രളയകാലത്ത് വള്ളം വാടകക്കെടുത്ത് പോലീസുകാരെ അടക്കം രക്ഷിച്ച യുവാവിനെ ജനമൈത്രി പോലീസ് അപമാനിച്ചതായി പരാതി

കോഴഞ്ചേരി: മഹാപ്രളയ സമയത്ത് കൈയ്യും മേയും മറന്ന് ദിവസങ്ങളോളം രക്ഷകനായി പോലീസുകാരെ അടക്കം സുരക്ഷിത കേന്ദ്രത്തില്‍ എത്തിച്ചതിന് ആദരവ് നേടിയ ആളെ ജനമൈത്രി പോലീസ് സ്റ്റേഷനില്‍ അപമാനിച്ചതായി പരാതി.
മല്ലപ്പുഴശേരി തെക്കേമല മരുതൂര്‍ കടവില്‍ സിബി എന്ന സെബാസ്റ്റ്യന്‍ ജോര്‍ജ് ആണ് ഇത് സംബന്ധിച്ചു ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുന്നത്.

പോലീസ് പിടികൂടിയ അയല്‍വാസിയെ ജാമ്യത്തില്‍ ഇറക്കാന്‍ ചെന്ന സിബിക്ക് നേരെ അസഭ്യം പറയുകയും മര്‍ദിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. സ്റ്റേഷനില്‍ എത്തിയപ്പോള്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ പരിശോധന നടത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന് സിബി പറയുന്നു.

പ്രളയം ആരംഭിച്ച ദിവസം ആദ്യം വാടകക്ക് വള്ളമെടുത്തു സുഹൃത്തുക്കളെയും കൂട്ടി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലാ ഭരണ കൂടം, കോഴഞ്ചേരി തഹസീല്‍ദാര്‍, കോഴഞ്ചേരി സി.ഐ തുടങ്ങിയവരുടെ നിര്‍ദേശാനുസരണം ദിവസങ്ങളോളം ഈ പ്രവര്‍ത്തനം തുടരുകയും ചെയ്തിരുന്നു.സ്റ്റേഷനില്‍ ഉണ്ടായിരുന്നവരെയും കരക്ക് എത്തിച്ചിരുന്നു. ഈ പരിചയത്തിന്റെ പേരിലാണ് താന്‍ സ്റ്റേഷനിലേക്ക് പോയതെന്നും എന്നാല്‍ മാനഹാനിയും ഭീഷണിയുമാണ് ഉണ്ടായതെന്നും പരാതിയില്‍ പറയുന്നു. മുഖ്യ മന്ത്രി, ഫിഷറീസ് മന്ത്രി, ജില്ലാ കളക്ടര്‍, എംഎല്‍എ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

Exit mobile version