സിപിഎമ്മിനെ വിമര്‍ശിക്കില്ലെന്ന് രാഹുല്‍ പറഞ്ഞത് അദ്ദേഹത്തിന്റെ മഹത്വംകൊണ്ട്; ഉമ്മന്‍ചാണ്ടി

കേരളത്തിലെ 20 മണ്ഡലങ്ങളില്‍ മാത്രമല്ല ദക്ഷിണേന്ത്യ മുഴുവന്‍ രാഹുല്‍ ഇഫക്ട് പ്രതിഫലിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു

തിരുവനന്തപുരം: കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സിപിഎമ്മിനെ പറ്റി ഒന്നും പറയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് അദ്ദേഹത്തിന്റെ മഹത്വമാണെന്ന് ഉമ്മന്‍ചാണ്ടി. വയനാട് ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച വേളയിലാണ് രാഹുല്‍ കേരളത്തില്‍ സിപിഎമ്മിനെ പറ്റി ഒന്നും പറയില്ലെന്ന് പറഞ്ഞത്. അതേസമയം കേരളത്തില്‍ സിപിഎമ്മിനെതിരായ വിമര്‍ശനം ഇനിയും തുടരുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ മാത്രമല്ല ദക്ഷിണേന്ത്യ മുഴുവന്‍ രാഹുല്‍ ഇഫക്ട് പ്രതിഫലിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേ സമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാണ്. സ്‌ക്വാഡ് പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ളവ വളരെ സജീവമായി മുന്നോട്ടു പോകുകയാണ്. ഒരു തവണ കൂടി രാഹുല്‍ ഗാന്ധി വയനാട്ടില്‍ പ്രചാരണത്തിന് എത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വയനാടിന് പുറമെ മറ്റൊരു മണ്ഡലത്തിലും രാഹുല്‍ പ്രചാരണത്തിന് എത്തുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അതേ സമയം തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ രാഹുലിന്റെ വലിയ പരിഗണന വയനാടിന് ലഭിക്കുമെന്നും ഏത് മണ്ഡലം നിലനിര്‍ത്തണമെന്ന് തീരുമാനിക്കേണ്ടത് രാഹുല്‍ ആണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേ സമയം എംകെ രാഘവന്റെ കോഴ വിവാദത്തെ കുറിച്ചും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. എംകെ രാഘവന്‍ നല്‍കിയ പരാതിയിലാണ് അദ്ദേഹത്തിന്റെ മൊഴിയെടുത്തിരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം വിവാദങ്ങള്‍ പതിവാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുപിഎ അധികാരത്തില്‍ വന്നാല്‍ ഇക്കാര്യത്തില്‍ നിയമപരമായി ചെയ്യാനാകുന്നതൊക്കെ ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Exit mobile version