ഏഴ് വയസുകാരന്റെ കൊലപാതകം; കുട്ടിയുടെ സഹോദരനെ വിട്ടുനല്‍കണമെന്ന് അച്ഛന്റെ കുടുംബം

കുട്ടികളുടെ മരിച്ചു പോയ അച്ഛന്റെ പിതാവാണ് നാലുവയസുകാരനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതിയെ സമീപിച്ചത്

തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റ കൊല്ലപ്പെട്ട ഏഴു വയസുകാരന്റെ സഹോദരനെ വിട്ട് തരണമെന്ന് ആവശ്യപ്പെട്ട് അച്ഛന്റെ കുടുംബം. കുട്ടികളുടെ മരിച്ചു പോയ അച്ഛന്റെ പിതാവാണ് നാലുവയസുകാരനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതിയെ സമീപിച്ചത്. നിലവില്‍ അമ്മയുടെ സംരക്ഷണത്തില്‍ കഴിയുന്ന ഇളയ കുട്ടിയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് കുട്ടികളുടെ മുത്തച്ഛന്‍ പറഞ്ഞു. അതേസമയം മുത്തച്ഛന്റെ കത്ത് ലഭിച്ചതായും തുടര്‍നടപടികള്‍ക്കായി തിരുവനന്തപുരം യൂണിറ്റില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും ഇടുക്കി ശിശുക്ഷേമ സമിതി വ്യക്തമാക്കി.

മരണപ്പെട്ട മൂത്തകുട്ടി ആശുപത്രിയിലായതിനെ തുടര്‍ന്ന് മാതാവിന്റെ അമ്മയുടെ സംരക്ഷണത്തിലാണ് ഇളയക്കുട്ടി കഴിഞ്ഞത്. എന്നാല്‍ കുട്ടികളെ അരുണ്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് തടഞ്ഞില്ലെന്ന ആരോപണം അമ്മ നേരിടുന്നതിനാല്‍ ഇളയകുട്ടിയുടെ സംരക്ഷണം ആരെ എല്‍പിക്കണം എന്ന കാര്യത്തില്‍ ആശങ്കയും ആശയക്കുഴപ്പവും തുടരുന്ന സാഹചര്യത്തിലാണ് കുട്ടികളുടെ മരിച്ചപോയ അച്ഛന്റെ കുടുമബം ആവശ്യവുമായി ശിശുക്ഷേമ സമിതിയെ സമീപിച്ചത്.

Exit mobile version