ഓമനത്തം അവസാനമായി കാണുവാന്‍ ജനങ്ങളുടെ പ്രവാഹം; അകത്ത് നിന്ന് പുറത്തിറങ്ങാതെ അമ്മ, അന്ത്യചുംബനം പോലുമില്ലാതെ ‘അനാഥനെ’ പോലെ യാത്രയായി ഏഴുവയസ്സുകാരന്‍

ഏഴ് വയസിനിടയില്‍ ഒരായുസ്സില്‍ ഒരാള്‍ പോലും അനുഭവിച്ചിട്ടില്ലാത്ത വേദനകള്‍ ആ മകന്‍ തിന്നു.

തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദത്തിന് ഇരയായി മരണപ്പെട്ട ഏഴുവയസുകാരന്‍ യാത്രയായത് അനാഥനെ പോലെ. അന്ത്യചുംബനം നല്‍കാന്‍ പോലും കുഞ്ഞിന്റെ അമ്മയോ ബന്ധുക്കളോ ആരും പുറത്തേയ്ക്ക് ഇറങ്ങി വന്നില്ല. അകത്ത് നിന്ന് പോലും പുറത്തേയ്ക്ക് ഇറങ്ങിയില്ല. എന്നാല്‍ നിലച്ചു പോയ ആ ഓമനത്തം അവസാനമായി കാണാന്‍ വന്‍ ജനാവലിയായിരുന്നു ആ തറവാട്ടിലേയ്ക്ക്. പത്ത് ദിനങ്ങളോളം നരകവേദന അനുഭവിച്ചാണ് ആ പിഞ്ചു കുഞ്ഞ് വേദനകളില്ലാത്ത മറ്റൊരു ലോകത്തേയ്ക്ക് യാത്രയായത്.

ഏഴ് വയസിനിടയില്‍ ഒരായുസ്സില്‍ ഒരാള്‍ പോലും അനുഭവിച്ചിട്ടില്ലാത്ത വേദനകള്‍ ആ മകന്‍ തിന്നു. അതിലുപരി അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളും ചെറുതായിരുന്നില്ല. ചെറിയ പ്രായത്തില്‍ അനുഭവിച്ച വേദനകളും മറ്റും കൂടുതല്‍ പുറത്ത് വരുമ്പോള്‍ തുളയ്ക്കുന്നത് കേരളക്കരയുടെ നെഞ്ചകമാണ്. അരുണ്‍ ആനന്ദിന്റെ ക്രൂരതയില്‍ തലതാഴ്ത്തുകയാണ് കേരളം. ഉടുമ്പന്നൂരിലെ അമ്മയുടെ വീട്ടിലാണ് കുഞ്ഞിനെ സംസ്‌കരിച്ചത്. നാട്ടുകാരുടെ പ്രതിഷേധം മുന്നില്‍കണ്ട് സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ആണ് ഒരുക്കിയിരുന്നത്. കുഞ്ഞിന്റെ ശരീരം വീട്ടില്‍ എത്തിച്ചതോടെ കറുത്ത് വിങ്ങി നിന്നിരുന്ന മാനം പെയ്തിറങ്ങി. അതിലപ്പുറം ഒരു കണ്ണീര്‍മഴ തന്നെ അവിടെ ഒലിച്ചിറങ്ങിയിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് എട്ടു മണിയോടെയാണ് കുട്ടിയുടെ മൃതദേഹം ഉടുമ്പന്നൂരിലെ മാതാവിന്റെ വീട്ടിലെത്തിച്ചത്. അഞ്ചു മണി വരെ മൃതദേഹം ഉടുമ്പന്നൂരിലെത്തിക്കുന്നതിനെപ്പറ്റി ഒരു അറിയിപ്പും ആര്‍ക്കും ലഭിച്ചിരുന്നില്ല. എന്നാല്‍, മൃതദേഹം ഉടുമ്പന്നൂരില്‍ തന്നെ സംസ്‌കരിക്കാന്‍ തീരുമാനിച്ചതോടെ അവിടേയ്ക്ക് ജനം ഒഴുകി എത്തി. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കിയ ശേഷമാണ് ബന്ധുക്കളില്‍ ഒരാള്‍ വീടു തുറന്നത്. മുത്തശ്ശി ശോഭനയും സഹോദരനും ഉള്‍പ്പെടയുള്ളവര്‍ നേരത്തേ വീട്ടിലെത്തിയിരുന്നു.

Exit mobile version