ഏറെ കഷ്ടപ്പെട്ട് പഠിപ്പിച്ച മകള്‍ നേടിയെടുത്തത് സിവില്‍ സര്‍വീസില്‍ 16ാം റാങ്ക്! ഒടുവില്‍ ശിഖ കളക്ടറായി വരുന്നത് കാണുന്നതിനു മുന്‍പെ സുരേന്ദ്രന്‍ യാത്രയായി; കണ്ണീരോടെ കുടുംബം

ഏറെ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും മകളെ കളക്ടറാക്കാനായി കഠിനപരിശ്രമം നടത്തിയ പിതാവിന് മകള്‍ കളക്ടര്‍ വേഷത്തിലെത്തുന്നത് കാണാനാകാതെ വിയോഗം.

കോട്ടയം: ഏറെ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും മകളെ കളക്ടറാക്കാനായി കഠിനപരിശ്രമം നടത്തിയ പിതാവിന് മകള്‍ കളക്ടര്‍ വേഷത്തിലെത്തുന്നത് കാണാനാകാതെ വിയോഗം. അവസാനം പുറത്തുവന്ന സിവില്‍ സര്‍വീസ് റിസള്‍ട്ടില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ശിഖ സുരേന്ദ്രന്റെ പിതാവ് കെകെ സുരേന്ദ്രനാ(59)ണ് അന്തരിച്ചത്. മകള്‍ കളക്ടറായി എത്തുന്നത് കാണാനായി ഈ പിതാവ് ഏറെ ആഗ്രഹിച്ചിരുന്നു. സിവില്‍ സര്‍വീസില്‍ 16ാം റാങ്കിന് ഉടമയാണ് മകള്‍ ശിഖ സുരേന്ദ്രന്‍.

പ്രമേഹം ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു, സുരേന്ദ്രന്‍. ബുധനാഴ്ച രാവിലെ കോലഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ ഡയാലിസിസ് ചെയ്ത ശേഷം വീട്ടിലെത്തിയ സുരേന്ദ്രന് തളര്‍ച്ചയനുഭവപ്പെട്ടതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.

ആദ്യം മസൂറിയിലും ഇപ്പോള്‍ നാഗ്പുരിലും ഐഎഎസ് പരിശീലനത്തിലാണ് ശിഖ. ശിഖയെ കളക്ടറാക്കണമെന്ന് സുരേന്ദ്രന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ട്യൂഷന്‍ സെന്ററും തീപ്പെട്ടിക്കമ്പനി നടത്തിയും കാവേരി പ്ലാസ്റ്റിക്‌സ് കമ്പനിയില്‍ ജോലി ചെയ്തുമാണ് കുടുംബം മുന്നോട്ടു പോയിരുന്നത്.

പത്തു വര്‍ഷത്തോളമായി പ്രമേഹം ബാധിച്ച് ചികിത്സയിലായതോടെ സാമ്പത്തികമായി താളംതെറ്റി. എങ്കിലും മകളുടെ സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കുവാനായി ശിഖയെ ഐഎഎസ് പരിശീലനത്തിനയച്ചു. ഭാര്യ സിലോയുടെ മാത്രം വരുമാനം കൊണ്ട് കഴിയേണ്ടി വന്നപ്പോഴും പരിശീലനത്തിന് ഒരു മുടക്കവും കുടുംബം വരുത്തിയില്ല.

ഈ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും അച്ഛനാണ് നല്‍കുന്നതെന്നും ഐഎഎസ് എന്ന സ്വപ്നം തന്നില്‍ നിക്ഷേപിച്ചത് അദ്ദേഹമാണെന്നും അച്ഛന്റെ ജീവിതാഭിലാഷം തന്നെയാണ് തന്റെ ഈ വിജയമെന്നും റാങ്ക് നേട്ടത്തിനുശേഷം അഭിനന്ദനവുമായി എത്തിയ എല്ലാവരോടും ശിഖ ആവര്‍ത്തിച്ചിരുന്നു.

പരിശീലനം കഴിഞ്ഞ് കളക്ടറായി മടങ്ങിയെത്തുമ്പോള്‍ മകളെ സ്വീകരിക്കുന്നത് സ്വപ്നം കണ്ടിരിക്കുകയായിരുന്നു സുരേന്ദ്രന്‍. ഇതിനിടെയാണ് മരണം അദ്ദേഹത്തെ കവര്‍ന്നത്. ഭാര്യ സിലോ കങ്ങരപ്പടി പേരേക്കാട്ടില്‍ കുടുംബാംഗമാണ്. മൂത്ത മകള്‍ നിവയും ഭര്‍ത്താവ് സുനിലും ദുബായിലാണ്. ശവസംസ്‌കാരം വ്യാഴാഴ്ച 11.30ന് വീട്ടുവളപ്പില്‍ നടക്കും.

Exit mobile version