വയനാട് ഒരുങ്ങി; രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലേക്ക്; ഒപ്പം പ്രിയങ്കയും എത്തും

തിരുവനന്തപുരം: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാത്രിയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിക്കൊപ്പം സഹോദരി പ്രിയങ്കാ ഗാന്ധിയുമുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. നാളെ രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗം രാഹുല്‍ വയനാട്ടിലേക്ക് തിരിക്കും.

രാത്രി എട്ട് മണിയോടെ രാഹുല്‍ ഗാന്ധി കരിപ്പൂരില്‍ വിമാനം ഇറങ്ങുന്ന രാഹുലും പ്രിയങ്കയും കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് താമസിക്കുക. തുടര്‍ന്ന് നാളെ രാവിലെ 9 മണിയോടെ വയനാട്ടിലേക്ക് തിരിക്കും. വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് കല്‍പറ്റയിലേക്ക് പോകുക. തുടര്‍ന്ന് കളക്ട്രേറ്റിലെത്തി പത്രിക സമര്‍പ്പിക്കും. അതിന് ശേഷം രാഹുലും പ്രിയങ്കയും ചേര്‍ന്നുള്ള റോഡ് ഷോയും നടത്തും.

രാഹുലിനെ വരവേല്‍ക്കുന്നതിനുള്ള ഒരുക്കങ്ങളെ കുറിച്ച് വിലയിരുത്തുന്നതിനായി എഐസിസി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, കെസി വേണുഗോപാല്‍ എന്നിവര്‍ കോഴിക്കോടെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവരുമായി ഇവര്‍ ചര്‍ച്ച നടത്തി. വയനാട്, കോഴിക്കോട്, മലപ്പുറം ഡിസിസി അധ്യക്ഷന്മാരുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും.

Exit mobile version