തൊഴിലില്ലാത്ത യുവാക്കളുടെ നിരാശയില്‍ നിന്നാണ് ട്രോളുകള്‍ ഉണ്ടാകുന്നത്; രൂക്ഷ വിമര്‍ശനവുമായി അല്‍ഫോണ്‍സ് കണ്ണന്താനം

എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിയിലാണ് കണ്ണന്താനം ട്രോളന്മാര്‍ക്കെതിരെ രൂക്ഷ പരാമര്‍ശം നടത്തിയത്

കൊച്ചി: ട്രോളന്മാരുടെ ട്രോളുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയായിട്ടുള്ള വ്യക്തിയാണ് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇപ്പോഴിതാ തന്നെ ട്രോളിയ ട്രോളന്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കണ്ണന്താനം. തൊഴിലില്ലാത്ത മലയാളി യുവാക്കളുടെ നിരാശയില്‍ നിന്നാണ് ട്രോളുകള്‍ ഉണ്ടാകുന്നതെന്ന വിമര്‍ശനമാണ് കണ്ണന്താനം ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. വലതും ഇടതും മാറി മാറി ഭരിച്ച് കുളമാക്കിയ കേരളത്തിലെ യുവാക്കളുടെ നിരാശയാണ് ട്രോളുകളുടെ പ്രധാന കാരണമെന്നും മലയാളികള്‍ കുറച്ചു കൂടി ഉയര്‍ന്ന നിലവാരത്തില്‍ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിയിലാണ് കണ്ണന്താനം ട്രോളന്മാര്‍ക്കെതിരെ രൂക്ഷ പരാമര്‍ശം നടത്തിയത്.

കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ദുരിതാശ്വാസ ക്യംപില്‍ പോയതും അതിര്‍ത്തിയില്‍ മരിച്ച സൈനികന്റെ വീട്ടില്‍ പോയതുമടക്കം നല്ല ഉദ്ദേശത്തോടെ താന്‍ ചെയ്ത കാര്യങ്ങള്‍ പോലും പരിഹസിച്ച് ട്രോള്‍ ആക്കിയതാണ് കണ്ണന്താനത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ചോരയും ജീവിതവും കൊടുത്ത് ചെയ്യുന്നതാണ് ഇതൊക്കെ. അത്തരം കാര്യങ്ങള്‍ പോലും തമാശയാക്കുന്നതെന്തിനാണെന്നും കണ്ണന്താനം ചോദിച്ചു. രാവിലെ
അവര്‍ എഴുന്നേറ്റ് വരുന്നത് തന്നെ ആരെ ട്രോളി കൊല്ലാമെന്ന് ചിന്തിച്ചിട്ടാണെന്നും അദ്ദേഹം പരിഹസിച്ചു.

താന്‍ ട്രോളുകള്‍ ഒന്നും കാണാറില്ലെന്നും തന്നെ ഇവയൊന്നും ബാധിക്കാറില്ലെന്നും എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ കണ്ണന്താനം വ്യക്തമാക്കി. നേരത്തേയും കണ്ണന്താനം
ട്രോളന്‍മാര്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഒരു പണിയും ഇല്ലാതിരിക്കുന്നവരാണ് കേരളത്തിലെ ട്രോളന്‍മാര്‍ എന്നായിരുന്നു അന്ന് കണ്ണന്താനം പറഞ്ഞത്. എന്തായാലും കണ്ണന്താനത്തിന്റെ ഈ വിമര്‍ശനത്തേയും ട്രോളന്മാര്‍ ട്രോളി ആഘോഷിക്കുമെന്ന കാര്യം ഉറപ്പാണ്. കണ്ണന്താനം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത് മുതല്‍ ട്രോളന്മാര്‍ക്ക് ചാകരയാണ്.

Exit mobile version