വയനാട്ടില്‍ രാഹുല്‍! സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ ഒരുങ്ങി എന്‍ഡിഎ; ബിജെപിക്ക് സീറ്റ് വിട്ടുനല്‍കുമെന്ന് തുഷാര്‍

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് ഉറപ്പിച്ചതോടെ നിലവിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ എന്‍ഡിഎ തീരുമാനം. ഇക്കാര്യം ബിജെപി ദേശീയ നേതൃത്വത്തോട് ചര്‍ച്ച ചെയ്‌തെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് നേതാവ് പൈലി വാദ്യാട്ടിനെയായിരുന്നു നേരത്തെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നത്.

രാഹുല്‍ മത്സരിക്കാനെത്തിയാല്‍ വയനാട് സീറ്റ് ബിജെപി ഏറ്റെടുക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് ബിഡിജെഎസ് വയനാട് ഘടകം രംഗത്തെത്തുകയും ചെയ്തിരുന്നു. എങ്കിലും രാഹുലാണ് എതിരാളിയെങ്കില്‍ സീറ്റ് വിട്ടുനല്‍കുമെന്ന് തന്നെയായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാട്.

ഇതിനിടെ രാഹുലിനെതിരെ ബിജെപി ദേശീയ നേതാവ് തന്നെ വയനാട്ടില്‍ മത്സരിക്കാനെത്തുമെന്ന അഭ്യൂഹങ്ങളും നേരത്തെ ഉണ്ടായിരുന്നു. സ്മൃതി ഇറാനിയുടെ പേരും ഉയര്‍ന്നുകേട്ടിരുന്നു. എങ്കിലും, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോഴും രാഹുലിന്റെ തീരുമാനം അനുസരിച്ച് ഇക്കാര്യത്തില്‍ ഭേദഗതി ഉണ്ടാകുമെന്ന് എന്‍ഡിഎ നേതൃത്വം അറിയിച്ചിരുന്നു.

ഇന്ന് വൈകുന്നേരത്തിനകം തന്നെ വയനാട് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പ്രതീക്ഷ പങ്കുവെച്ചു.

Exit mobile version