‘തെരഞ്ഞെടുപ്പാണ്, തറവേലകള്‍ വരാനിരിക്കുന്നതേയുള്ളൂ; രമ്യ ഹരിദാസിന്റെ പോസ്റ്ററിനു മുകളില്‍ എല്‍ഡിഎഫ് പോസ്റ്റര്‍ പതിപ്പിച്ചത് കോണ്‍ഗ്രസ് തന്നെ!’; വിശദീകരിച്ച് എം സ്വരാജ്

പാലക്കാട്: കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായ വിഷയമായിരുന്നു, ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ പ്രചാരണ പോസ്റ്ററുകള്‍ക്ക് മുകളില്‍ എല്‍ഡിഎഫിന്റെ ചിഹ്നം പ്രവര്‍ത്തകര്‍ പതിപ്പിച്ചെന്ന വാര്‍ത്ത. ചിത്രങ്ങള്‍ സഹിതം ഈ സംഭവം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. വിഷയം യുഡിഎഫ് എംഎല്‍എമാരായ ഷാഫി പറമ്പിലും വിടി ബല്‍റാമും ഏറ്റെടുക്കുകയും ഇടതുപക്ഷത്തിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിഷയത്തില്‍ വസ്തുതകള്‍ വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് എല്‍ഡിഎഫ് എംഎല്‍എ എം സ്വരാജ്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ കീറാതെ കൃത്യമായി മുഖത്ത് മാത്രം പോസ്റ്ററൊട്ടിച്ചത് കോണ്‍ഗ്രസ് തന്നെയാണെന്നും തെരഞ്ഞെടുപ്പ് കാലത്തെ തറവേലയാണെന്നും എം സ്വരാജ് ആരോപിക്കുന്നു. ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഒറ്റ പോസ്റ്ററും കീറാതെ അതിന് മുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചെറിയ ചിഹ്നം മാത്രം ഒട്ടിച്ചിരിക്കുന്നു. എന്നു വെച്ചാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററിന് മുകളിലാണ് ഒട്ടിച്ചതെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ കണ്ണു കാണാത്തവര്‍ക്കു പോലും തിരിച്ചറിയണമെന്നും ഈ ‘കാടത്ത’ത്തിനെതിരെ പ്രതിഷേധമുയരണമെന്നും പോസ്റ്ററിന് മേല്‍ പോസ്റ്ററൊട്ടിച്ചവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്നു സാരം.’-സ്വരാജ് കുറിക്കുന്നു.

‘നിങ്ങള്‍ ശ്രദ്ധിച്ചോ, ഇത്രയും ചിഹ്നങ്ങള്‍ നടന്ന് ഒട്ടിച്ച ‘ എല്‍ഡിഎഫ് അക്രമികള്‍’ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ ഒന്നും ഒട്ടിച്ചിട്ടില്ല. ഇതില്‍ നിന്നും എന്തു മനസിലായി? എല്ലാ മുന്നണികളുടെയും തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ ഏതു പ്രസിലും നൂറെണ്ണത്തിന്റെ കെട്ടുകളായി വില്‍പനയ്ക്ക് റെഡിയാണ്. (കെട്ടൊന്നിന് രൂപാ 50 /- മാത്രം)
പക്ഷേ സ്ഥാനാര്‍ത്ഥിയുടെ ചിത്രമുള്ള പോസ്റ്റര്‍ ഒരു പ്രസിലും വില്‍പനയ്ക്കില്ല’- സ്വരാജ് വിശദീകരിക്കുന്നു. .

എം സ്വരാജ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
തിരഞ്ഞെടുപ്പു കാലത്തെ കോണ്‍ഗ്രസ്.

എം.സ്വരാജ്.

ചിത്രത്തിലേയ്ക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ. UDF സ്ഥാനാര്‍ത്ഥിയുടെ ഒറ്റ പോസ്റ്ററും കീറാതെ അതിന് മുകളില്‍ LDF സ്ഥാനാര്‍ത്ഥിയുടെ ചെറിയ ചിഹ്നം മാത്രം ഒട്ടിച്ചിരിക്കുന്നു. എന്നു വെച്ചാല്‍ UDF സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററിന് മുകളിലാണ് ഒട്ടിച്ചതെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ കണ്ണു കാണാത്തവര്‍ക്കു പോലും തിരിച്ചറിയണമെന്നും ഈ ‘കാടത്ത’ത്തിനെതിരെ പ്രതിഷേധമുയരണമെന്നും പോസ്റ്ററിന് മേല്‍ പോസ്റ്ററൊട്ടിച്ചവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു എന്നു സാരം. നിങ്ങള്‍ ശ്രദ്ധിച്ചോ, ഇത്രയും ചിഹ്നങ്ങള്‍ നടന്ന് ഒട്ടിച്ച ‘LDF അക്രമികള്‍’ LDF സ്ഥാനാര്‍ത്ഥിയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ ഒന്നും ഒട്ടിച്ചിട്ടില്ല.! ഇതില്‍ നിന്നും എന്തു മനസിലായി. ? എല്ലാ മുന്നണികളുടെയും തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ ഏതു പ്രസിലും നൂറെണ്ണത്തിന്റെ കെട്ടുകളായി വില്‍പനയ്ക്ക് റെഡിയാണ്. (കെട്ടൊന്നിന് രൂപാ 50 /- മാത്രം). പക്ഷേ സ്ഥാനാര്‍ത്ഥിയുടെ ചിത്രമുള്ള പോസ്റ്റര്‍ ഒരു പ്രസിലും വില്‍പനയ്ക്കില്ല. പ്ലാസ്റ്ററും പോസ്റ്ററും. ഒരു മാറ്റവും ഇല്ലല്ലോ……! തിരഞ്ഞെടുപ്പാണ്, തറവേലകള്‍ വരാനിരിക്കുന്നതേയുള്ളൂ.

Exit mobile version