വയനാട്ടില്‍ പിടിയിലായ കടുവയുടെ ഒരുകണ്ണിന് കാഴ്ചയില്ല; കൈകാലുകള്‍ക്ക് ഗുരുതര പരിക്ക്

ഇന്ന് പുലര്‍ച്ചയോടെ ആണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്

കല്‍പ്പറ്റ: വയനാട് ഇരുളത്ത് വനപാലക സംഘത്തെ ആക്രമിച്ച കടുവയുടെ ഒരുകണ്ണിന് കാഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചയോടെ ആണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. പിടിയിലായ കടുവയുടെ കൈകാലുകള്‍ക്ക് ഗുരുതര പരിക്ക് ഉണ്ടെന്നുമാണ് വനംവകുപ്പ് അധികൃതര്‍ വെളിപ്പെടുത്തിയത്. അതുകൊണ്ട് തന്നെ കടുവയ്ക്ക് കാട്ടില്‍ വേട്ടയാടാന്‍ സാധിക്കില്ലെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. കടുവയുടെ ചികിത്സ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ കടുവയെ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

അതേ സമയം പരിക്കേറ്റ കടുവയ്ക്ക് ആവശ്യമായ ചികിത്സ നല്‍കാനുള്ള സംവിധാനങ്ങള്‍ വയനാട്ടില്‍ ഇല്ലാത്തതിനാല്‍ കടുവയെ തൃശ്ശൂരില്‍ എത്തിച്ചാവും ചികിത്സിക്കുക. തുടര്‍ന്ന് പരിക്ക് ഭേദമായാല്‍ കടുവയെ തിരുവനന്തപുരത്തേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായ കടുവയ്ക്ക് പതിമൂന്ന് വയസാണ് പ്രായം.

ഇന്നലെ കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വനത്തില്‍ നിരീക്ഷണത്തിന് പോയ വാച്ചര്‍മാര്‍ക്ക് നേരെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ട് വനപാലകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ചീയമ്പം സ്വദേശി ഷാജനാണ് ഗുരുതരമായി പരിക്കേറ്റത്. കടുവയുടെ ആക്രമണത്തില്‍ ഷാജന്റെ തലയ്ക്കാണ് പരിക്കേറ്റത്.

Exit mobile version