നടിയെ ആക്രമിച്ച കേസ്: വാദം കേള്‍ക്കുന്നത് ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി; ഇനി സിബിഐ കോടതിയില്‍ വാദം

കൊച്ചി: കൊച്ചിയില്‍ വെച്ച് നടി ആക്രമണത്തിനിരയായ കേസില്‍ വാദം കേള്‍ക്കല്‍ ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി. ഇനി കേസിന്റെ വിചാരണ എറണാകുളം സിബിഐ കോടതിയിലാണ് നടക്കുക. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്.

വനിത ജഡ്ജി വിചാരണയ്ക്കായി വേണമെന്നുള്ള ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം നേരത്തെ ഹൈക്കോടതി അംഗീകരിച്ചിരുന്നു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കൂടാതെ, നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്നും ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു.

2017 ഫെബ്രുവരി 17നാണ് അര്‍ധരാത്രി കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുന്നത്. കൊച്ചിക്കടുത്ത് ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ കാറില്‍ അതിക്രമിച്ചു കയറിയ സംഘം അപകീര്‍ത്തികരമായ വീഡിയോ ചിത്രീകരിച്ചെന്നാണ് കേസ്. ഫെബ്രുവരി 18ന് സംഭവസമയത്ത് നടിയുടെ കാറോടിച്ചിരുന്ന മാര്‍ട്ടിന്‍ ആന്റണി പിടിയിലായി. സുനില്‍കുമാര്‍ അടക്കം 6 പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഫെബ്രുവരി 19ന് നടിയെ ആക്രമിക്കാന്‍ ഉപയോഗിച്ച വാന്‍ കൊച്ചി തമ്മനത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. നടന്‍ ദിലീപടക്കം 8 പ്രതികളും 165 സാക്ഷികളുമാണ് കേസിലുള്ളത്.

Exit mobile version