വയനാട് ഉള്‍പ്പടെ നാല് സീറ്റുകളില്‍ തര്‍ക്കം; ദേശീയ നേതൃത്വം ഇന്ന് സംസ്ഥാന നേതാക്കളെ കാണും

ന്യൂഡല്‍ഹി: നാല് സീറ്റുകളില്‍ തുടരുന്ന തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി ദേശീയ നേതൃത്വം ചര്‍ച്ച നടത്തും. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ഇന്ന് നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്. തര്‍ക്കമുയര്‍ന്നതിനെ തുടര്‍ന്ന് ഈ നാല് സീറ്റുകളിലും ഇന്നലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. വയനാട്ടില്‍ ടി സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെടുന്നു. ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല.

ഷാനിമോള്‍ ഉസ്മാന്‍, കെപി അബ്ദുള്‍ മജിദ്, പി എം നിയാസ്, എന്നിവരില്‍ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നു. വിവി പ്രകാശന്റെയും കെ മുരളീധരന്റെയും പേരുകളും പരിഗണനാ പട്ടികയിലുണ്ട്. ഇക്കാര്യത്തെ ചൊല്ലി തെരഞ്ഞെടുപ്പ് സമിതിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വയനാട്ടിലെ പ്രഖ്യാപനം മാറ്റിയത്.

വടകരയില്‍ വിദ്യാ ബാലകൃഷ്ണന്റെ പേര് പ്രഖ്യാപിക്കാനുള്ള നീക്കത്തേയും ഇത് ബാധിച്ചു. ടി സിദ്ദിഖിന്റെ പേര് വടകരയിലേക്ക് നിര്‍ദേശിച്ചുവെങ്കിലും അവിടെ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന നിലപാടിലാണ് സിദ്ദിഖ്. ഷാനിമോള്‍ ഉസ്മാന്റെ പേര് വയനാട്ടില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ആലപ്പുഴയിലേയും ആറ്റിങ്ങലിലേയും പ്രഖ്യാപനം വൈകുന്നത്. ആറ്റിങ്ങലിലേക്ക് നിര്‍ദേശിച്ച അടൂര്‍ പ്രകാശിന്റെ പേര് ആലപ്പുഴയിലേക്കും പരിഗണിക്കുന്നുണ്ട്. എഎ ഷുക്കൂറിന്റെ പേരും ആലപ്പുഴയില്‍ പരിഗണനയിലുണ്ട്. അതേസമയം, എറണാകുളം സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച കെവി തോമസ് ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

Exit mobile version