നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട് ആദ്യം ഇവരുടെ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു തുടര്‍ന്ന് സമീപത്തുള്ള മരത്തില്‍ ഇടിച്ചു

അഞ്ചരക്കണ്ടി: കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും ശേഷം സമീപത്തുള്ള മരത്തിലും ഇടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്. അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി സ്‌കോളസ് തോമസാണ് (25) മരിച്ചത്.

തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്തെ കുര്യപറമ്പില്‍ തോമസ് ലാലന്റെ മകന്‍ സ്‌കോളസ്. തലശ്ശേരി വടക്കുമ്പാട്ടെ സിദ്ധാര്‍ഥ് (25), കാസര്‍കോട് കാലിക്കടവിലെ അഭിജിത്ത് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചക്കരക്കല്ല്-അഞ്ചരക്കണ്ടി റൂട്ടില്‍ വളവില്‍പീടികയില്‍ തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അപകടം ഉണ്ടായത്.

കോളേജില്‍ നിന്ന് രാത്രിയോടെ ചക്കരക്കല്ലിലെത്തിയ ഇവര്‍ തിരിച്ച് പോകുമ്പോളാണ് വളവില്‍പീടികയിലെ വളവില്‍ വെച്ച് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട് ആദ്യം ഇവരുടെ കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു തുടര്‍ന്ന് സമീപത്തുള്ള മരത്തില്‍ ഇടിച്ചു. ശേഷം കാര്‍ പൊങ്ങി അല്പം താഴെയുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്ക് വീണു.

തുടര്‍ന്ന് നാട്ടുകാരും അഗ്നിരക്ഷസേനയും ചക്കരക്കല്ല് പോലീസും ചേര്‍ന്ന് ഇവരെ പുറത്തെടുത്തു. തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ പോകുന്ന് വഴിയില്‍ സ്‌കോളസ് മരിച്ചു. മറ്റു രണ്ടുപേരെയും പ്രാഥമികചികിത്സ നല്‍കി മംഗളൂരുവിലേക്ക് മാറ്റി.

Exit mobile version