‘ലോക്‌സഭയിലേക്ക് അയക്കാന്‍ നിലവാരമുള്ള ആളല്ല കുഞ്ഞാലിക്കുട്ടി, വോട്ട് ചോദിക്കുന്നതിന് മുന്‍പ് ജനങ്ങളോട് മാപ്പ് ചോദിക്കണം’; രൂക്ഷവിമര്‍ശനവുമായി വിജയരാഘവനും കെടി ജലീലും

പരിപാടിയില്‍ മന്ത്രി കെടി ജലീലും കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്

മലപ്പുറം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് വോട്ട് ചോദിക്കുന്നതിന് മുന്‍പായി കുഞ്ഞാലിക്കുട്ടി മാപ്പ് പറയണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ലോക്‌സഭയില്‍ നടന്ന മുത്തലാഖ്, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് വോട്ടെടുപ്പുകളില്‍ നിന്ന് മാറി നിന്ന കുഞ്ഞാലിക്കുട്ടി വോട്ടിന് മുന്‍പ് മാപ്പാണ് ജനങ്ങളോട് ചോദിക്കേണ്ടതെന്നും 2006 ല്‍ കുറ്റിപ്പുറത്ത് ഒരു അധ്യാപകനോട് തോറ്റ കുഞ്ഞാലിക്കുട്ടി 2019 ല്‍ മലപ്പുറത്ത് ഒരു വിദ്യാര്‍ത്ഥിയുടെ മുന്‍പില്‍ മുട്ടുമടക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

എല്‍ഡിഎഫ് മലപ്പുറം കണ്‍വന്‍ഷനില്‍ നടത്തിയ പരിപാടിയിലായിരുന്നു കുഞ്ഞാലിക്കുട്ടിക്കെതിരെ യോഗത്തിലെ മുഖ്യപ്രഭാഷകനായ വിജയരാഘവന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. യോഗത്തില്‍ മുഴുവന്‍ നിറഞ്ഞുനിന്നതും ലീഗിന് എതിരായ പരിഹാസവും വിമര്‍ശനവും തന്നെ ആയിരുന്നു.

പരിപാടിയില്‍ മന്ത്രി കെടി ജലീലും കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ലോക്‌സഭയിലേക്ക് അയക്കാന്‍ മാത്രം നിലവാരമുള്ള ആളല്ല കുഞ്ഞാലിക്കുട്ടി എന്നാണ് കെടി ജലീല്‍ പ്രതികരിച്ചത്. കല്ല്യാണത്തിനും കളിയാട്ടത്തിനും വേലയ്ക്കും നേര്‍ച്ചയ്ക്കും പൂരത്തിനും നടക്കാന്‍ ആളുകളെ വേണമെന്നുണ്ടെങ്കില്‍ തോല്‍പ്പിച്ച് അവരെ മലപ്പുറത്ത് നിര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. അതേ സമയം ലോക്‌സഭയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുത്തതിനേക്കാള്‍ കൂടുതല്‍ ദിവസം പാര്‍ലമെന്റിന് പുറത്ത് താന്‍ സമരം ചെയ്തിട്ടുണ്ടെന്നായിരുന്നു സ്ഥാനാര്‍ത്ഥി വിപി സാനു പ്രതികരിച്ചത്.

Exit mobile version