ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് ഷാഫി പറമ്പില്‍; പാലക്കാട് മണ്ഡലം തിരിച്ചുപിടിക്കാന്‍ എംഎല്‍എ കോണ്‍ഗ്രസ് പരിഗണനയില്‍

പാലക്കാട്: ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്‍ പാലക്കാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് സിറ്റിങ് എംഎല്‍എ ഷാഫി പറമ്പില്‍. പാലക്കാട് മണ്ഡലത്തില്‍ ആര് സ്ഥാനാര്‍ത്ഥിയാകണമെന്ന് സംബന്ധിച്ച് പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ച കോണ്‍ഗ്രസ് ദേശീയ നേതൃത്വം ജില്ലയിലെ നേതാക്കളുടെയും നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാവും അന്തിമ തീരുമാനത്തിലെത്തുകയെന്നാണ് സൂചന.

മണ്ഡലം തിരിച്ചുപിടിക്കണമെങ്കില്‍ ഷാഫി പറമ്പില്‍ തന്നെ മത്സരിക്കണമെന്ന് പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും പ്രതികരണമുണ്ടായി. പാലക്കാട് ആര് സ്ഥാനാര്‍ത്ഥിയാകണമെന്ന് ശക്തി ആപ്പിലൂടെയുളള രാഹുലിന്റെ ചോദ്യത്തിന് മിക്ക പ്രവര്‍ത്തകരുടേയും മറുപടി ഷാഫി പറമ്പിലിന്റെ പേരാണ്.

പാലക്കാട് മണ്ഡലത്തിലേക്ക് പരിഗണിക്കാന്‍ യോഗ്യരായ നിരവധി പേര്‍ പാര്‍ട്ടിയിലുണ്ടെന്നും നിലവിലെ എംഎല്‍എയായിരിക്കെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ഫാഫി പറമ്പില്‍ നേരെത്തെ പറഞ്ഞിരുന്നത്.

എന്നാല്‍ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുകയാണെങ്കില്‍ അത് അംഗീകരിക്കാന്‍ തയ്യാറാണെന്ന് ഷാഫി പറമ്പില്‍ നേതൃത്വത്തെയും അറിയിച്ചതായാണ് സൂചന. പ്രവര്‍ത്തകരും നേതാക്കളും ഷാഫി പറമ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയാണെങ്കില്‍ ഹൈക്കമാന്റും ഷാഫി പറമ്പിലിനെ തന്നെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കും. അങ്ങനെ എങ്കില്‍ ഷാഫിക്ക് എതിരാളി സിപിഎമ്മിന്റെ കരുത്തനായ സിറ്റിങ് എംപി എംബി രാജേഷായിരിക്കും. എങ്കില്‍ കേരളത്തിലെ തന്നെ കനത്ത പോരാട്ടമായിരിക്കും പാലക്കാട്ട് നടക്കുക.

Exit mobile version