കൊച്ചി റോഡരികില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; സദാചാര കൊലയെന്ന് പോലീസ്; മൂന്നുപേര്‍ അറസ്റ്റില്‍

തൃക്കാക്കര: കഴിഞ്ഞദിവസം കൊച്ചിയില്‍ റോഡരികില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സദാചാരക്കൊലയാണെന്നാണ് സൂചന. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചക്കരപറമ്പ് തേക്കേപ്പാടത്ത് പുല്ലുവീട്ടില്‍ ജിബിന്‍ വര്‍ഗീ(32) സാണ് കൊല്ലപ്പെട്ടത്. വിവാഹിതനായ ജിബിനു മറ്റൊരു യുവതിയുമായുണ്ടായ അടുപ്പമാണ് കൊലക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം.

രാത്രി ഒരുമണിയോടെ യുവതിയുടെ ഓലിക്കുഴിയിലെ വീട്ടിലെത്തിയ യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് അക്രമിച്ച ശേഷം റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. യുവതിയുടെ സഹോദരന്‍ ഉള്‍പ്പടെ മൂന്നുപേരെ തൃക്കാക്കര പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായി പോലീസ് പറഞ്ഞു.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഇലക്ട്രീഷ്യനായ ജിബിന്‍ ഇന്നലെ രാത്രി ഒരു മണി വരെ വീട്ടിലുണ്ടായിരുന്നു. ഒരു മണിയോടെ ജിബിന്റെ ഫോണിലേക്ക് വിളിച്ച കോളിന് ശേഷമാണ് പുറത്തേക്ക് പോയതെന്ന് അന്വേഷണ സംഘം പറഞ്ഞു. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷത്തിലാണ് പ്രതികളെക്കുറിച്ചു വിവരങ്ങള്‍ ലഭിച്ചത്. ഇന്നലെ വെളുപ്പിനാണ് കാക്കനാട് പാലച്ചുവട് പാലത്തിനു സമീപം ദുരൂഹസാഹചര്യത്തില്‍ ശരീരത്തില്‍ പരുക്കുകളോടെ ജിബിന്റെ മൃതദേഹം കണ്ടെത്തിയത്.

Exit mobile version