ശബരിമല തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും; കടിച്ചതും പിടിച്ചതും ലക്ഷ്യമിട്ടല്ല രാഷ്ട്രീയത്തില്‍ വന്നത്; കടകംപള്ളിയ്ക്ക് മറുപടിയുമായി കുമ്മനം

തിരുവനന്തപുരം: മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ സംഭവത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഗവര്‍ണര്‍ പദവി ഒഴിഞ്ഞത് ഭരണഘടനാസ്ഥാപനങ്ങളോടുള്ള അവഹേളനമല്ലെന്ന് കുമ്മനം പ്രതികരിച്ചു.

ശബരിമല പ്രശ്‌നം കേരളത്തില്‍ ലോക്‌സഭാതിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും 20 മണ്ഡലങ്ങളിലും ബിജെപി വിജയിക്കുമെന്നും എല്ലാ വിഭാഗങ്ങളുടേയും മതവിശ്വാസത്തെ ബാധിക്കുന്ന പ്രശ്‌നമായി ശബരിമല മാറിയെന്നും കുമ്മനം പറഞ്ഞു.

കടിച്ചതും പിടിച്ചതും ലക്ഷ്യമിട്ടല്ല രാഷ്ട്രീയത്തില്‍ വന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിമര്‍ശനത്തിന് കുമ്മനം മറുപടിയും നല്‍കി. നേരത്തെ, കുമ്മനത്തിന് കടിച്ചതും കൈയ്യിലിരുന്നതും പോകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരിഹസിച്ചിരുന്നു. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിാകാന്‍ തയ്യാറെടുക്കുകയാണ് കുമ്മനം.

Exit mobile version