കുമ്മനത്തിന്റെ വരവോടെ ബിജെപിയിലെ ഐക്യം ശക്തിപ്പെടുമോയെന്ന് ചോദ്യം; അവജ്ഞയോടെ തള്ളിക്കളയുന്നെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരന്‍ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നതിനെ സ്വാഗതം ചെയ്യുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. അതേസമയം, കുമ്മനത്തിന്റെ വരവോടെ ബിജെപിയിലെ ഐക്യം ശക്തിപ്പെടുമോ എന്ന ചോദ്യത്തെ അവജ്ഞയോടെ തള്ളിക്കളയുന്നെന്നും അദ്ദേഹം പ്രതികരിച്ചു.

അത് മാധ്യമങ്ങളുടെ അഭിപ്രായമാണെന്നും കേരളത്തിലെ ബിജെപിയില്‍ വലിയ പ്രശ്നമുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയും അതുവഴി തങ്ങളുടെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമമാണെന്ന് ഇതെന്നുമായിരുന്നു ശ്രീധരന്‍ പിള്ളയുടെ മറുപടി. ഐക്യം ശക്തിപ്പെടുമോ എന്ന ചോദ്യം അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുന്നെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കുമ്മനത്തിന്റെ മടങ്ങി വരവിനെ ബിജെപി എങ്ങനെയാണ് കാണുന്നത് എന്ന ചോദ്യത്തിന് കുമ്മനം വരുന്നതിനെ ബിജെപി സ്വാഗതം ചെയ്യുന്നുവെന്നും കേരളത്തിലെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം തിരിച്ചുവരുന്നതില്‍ സന്തോഷമേയുള്ളൂവെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ മറുപടി.

ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനത്തെ കൊണ്ടുവരുന്നതിലൂടെ എന്താണ് ബിജെപി ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് അതിനൊന്നും ഉത്തരം പറയേണ്ടത് താനല്ലെന്നും അതെല്ലാം അദ്ദേഹവും പാര്‍ട്ടിയുമാണ് പറയേണ്ടത് എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

”അദ്ദേഹം തിരിച്ചുവരുന്നതിനെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്ന സമീപനമാണ് ബിജെപിയ്ക്കും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കുമുള്ളത്. മറ്റ് കാര്യങ്ങളെ സംബന്ധിച്ച് ഞാനും അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. ഇതുവരെ അത് പറയാതിരുന്നത് അദ്ദേഹം ഗവര്‍ണര്‍ സ്ഥാനത്ത് ഇരിക്കുന്നതുകൊണ്ടാണ്”- ശ്രീധരന്‍ പിള്ള പറഞ്ഞു.

Exit mobile version