മഞ്ചേശ്വരം കേസില്‍ ഇനിയും കാത്തിരിക്കാനില്ല; കെ സുരേന്ദ്രന്‍ പിന്മാറി; ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന പരാതിയില്‍ നിന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പിന്മാറുന്നു. കേസില്‍ നിന്ന് പിന്മാറിക്കൊണ്ട് കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. കേസിലെ മുഴുവന്‍ സാക്ഷികളേയും വിസ്തരിക്കുക പ്രായോഗികമല്ലെന്നും സാക്ഷികള്‍ക്ക് സമന്‍സ് എത്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്നും കെ സുരേന്ദ്രന്‍ വിശദീകരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് 89 വോട്ടിന് മുസ്ലിം ലീഗിന്റെ പിബി അബ്ദുല്‍ റസാഖിനോട് തോറ്റതിനെ തുടര്‍ന്നാണ് കെ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്.

മരിച്ചവരുടെയും വിദേശത്തായിരുന്നവരുടെയും പേരില്‍ കള്ളവോട്ട് നടന്നെന്നാണ് കെ സുരേന്ദ്രന്റെ പരാതിയില്‍ ആരോപിക്കുന്നത്. 265 കള്ളവോട്ടുകള്‍ നടന്നതായാണ് സുരേന്ദ്രന്‍ അവകാശപ്പെട്ടത്. മരിച്ചുപോയ ഒരാളുടെ പേരില്‍ കള്ളവോട്ട് ചെയ്തതായി കോടതി കണ്ടെത്തുകയും ചെയ്തിരുന്നു. കേസ് വാദം തുടരുന്നതിനിടെ, പിബി അബ്ദുല്‍ റസാഖ് മരണപ്പെടുകയും ചെയ്തു. ഇതോടെ കേസ് തുടരണോ എന്ന് കെ സുരേന്ദ്രനോട് കോടതി ചോദിച്ചിരുന്നു. ആദ്യഘട്ടത്തില്‍ കേസ് തുടരുന്നതിനാണ് താല്‍പര്യമെന്ന് വ്യക്തമാക്കിയ സുരേന്ദ്രന്‍ പിന്നീട് കേസില്‍ നിന്ന് പിന്‍മാറുമെന്ന് വ്യക്തമാക്കുകയായിരുന്നു.

അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് കെ സുരേന്ദ്രന്റെ നീക്കമെന്നാണ് സൂചന.

Exit mobile version