‘ആദ്യമായി പണം സമ്പാദിച്ചത് മണിച്ചേട്ടന്റെ പാട്ടു കാസറ്റുകള്‍ വിറ്റ്; ഉപജീവനത്തിനായി ഓട്ടോ സമ്മാനിച്ചതും അദ്ദേഹം തന്നെ’; കലാഭവന്‍ മണിയുടെ മരിക്കാത്ത ഓര്‍മ്മകളുമായി രേവത്

ചാലക്കുടി: കലാകാരന്‍ എന്നതിനപ്പുറം മനുഷ്യസ്‌നേഹിയും നാടിനെ സ്വന്തം ഹൃദയത്തിലേറ്റി നടന്നിരുന്ന കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് മൂന്നു വയസ്. അപ്രതീക്ഷിതമായാണ് ചാലക്കുടിയുടെ മണിച്ചേട്ടനെ കാലം കവര്‍ന്നെടുത്തത്. ഒട്ടേറെ ദുരൂഹതകള്‍ ബാക്കി നിര്‍ത്തി പാതിയില്‍ മറഞ്ഞുപോയ ആ മണിക്കിലുക്കത്തെ ഇന്നും നാടിന് മറക്കാനായിട്ടില്ല. പലപ്പോഴും സഹായവുമായി ഓടിയെത്തിയ യഥാര്‍ത്ഥ ജനനായകനെ ഹൃദയത്തില്‍ തന്നെ കാത്തു സൂക്ഷിക്കാനാണ് ഈ നാടിനിഷ്ടം. വരന്തരപ്പിള്ളി കരിയാട്ട് പറമ്പില്‍ രേവതിനും സ്ഥിതി മറിച്ചല്ല, ഇന്നും മണിച്ചേട്ടന്‍ മരിച്ചുപോയെന്ന് ഈ യുവാവിന് വിശ്വസിക്കാനാകുന്നില്ല.

കുട്ടിക്കാലം മുതലേ രേവതിന് ഹരമായിരുന്നു മണി ചേട്ടന്‍.അമ്മ പാടിത്തന്ന പാട്ടുകളിലൂടെയാണ് ആദ്യം മണി ചേട്ടനെ അറിയുന്നത്. പാട്ടുകളോടുള്ള ആ ഇഷ്ടം പിന്നീട് പാട്ടുകാരനോടുള്ള ആരാധനയായി മാറി. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മണിച്ചേട്ടനെ കാണാന്‍ വരന്തരപ്പിള്ളിയില്‍ നിന്ന് ചാലക്കുടിയിലേക്ക് വണ്ടി കയറി. മണിയുടെ സഹായി ജോബിയുടെ വിവാഹ ദിവസം ചാലക്കുടി പള്ളിയില്‍ വച്ച് കൂടപ്പുഴയിലെ വിനോദ് എന്നയാളുടെ സഹായത്തോടെ ആദ്യമായി താരത്തെ നേരില്‍ കണ്ടു. തന്നെ കാണാന്‍ വേണ്ടി മാത്രം വരന്തരപ്പിള്ളിയില്‍ നിന്ന് ചാലക്കുടിയിലോളം എത്തിയ കുട്ടിയെ വാത്സല്യത്തോടെ അന്ന് മണി ചേര്‍ത്തുപിടിച്ചു. പിന്നെ മരണം വരെ ആ പിടി വിട്ടില്ല. എപ്പോഴും കൂടെ തന്നെ ചേര്‍ത്തുനിര്‍ത്തും.

മണിച്ചേട്ടന്‍ പാടിയ പാട്ടുകളുടെ സിഡികളുടെ വില്‍പന ആരംഭിക്കുന്നത് ഏഴ് വര്‍ഷം മുമ്പാണ്. അതൊരു തൊഴിലായി പിന്നെ. ഇപ്പോഴും ആ തൊഴിലെടുത്താണ് തന്നെയാണ് രേവതിന്റെ ജീവിതം. ഇപ്പോഴും ഓടിക്കുന്ന ഓട്ടോ വാങ്ങാന്‍ അന്ന് സഹായിച്ചത് മണി ചേട്ടനാണെന്ന് രേവത് പറയുന്നു. ബെന്‍ 100 എന്ന പേരും നിര്‍ദേശിച്ചത് അദ്ദേഹം തന്നെ. മണി ജീവിച്ചിരിക്കുമ്പോള്‍ മിക്കവാറും എല്ലാ ആഴ്ചയും പാഡിയില്‍ എത്തി അദ്ദേഹത്തെ കാണാറുണ്ട്. കാണാതായാല്‍ മണി വിളിച്ചന്വേഷിക്കും.

‘എല്ലാവരും പറയുന്നു മണിച്ചേട്ടന്‍ മരിച്ചു പോയെന്ന്. പക്ഷേ ഇതാ ഇവിടെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് അദ്ദേഹം’- നെഞ്ചില്‍ കൈ ചേര്‍ത്ത് തൊണ്ടയിടറി കൊണ്ട് രേവത് പറഞ്ഞു.

Exit mobile version