കച്ചറ വേണ്ട! കറാച്ചി മാറ്റി വെറും റാച്ചി ആയി! കോഴിക്കോട്ടെ ഹോട്ടലിന് ചിലരെ ഭയന്ന് പേരുമാറ്റം!

കോഴിക്കോട്: ഇനി ആരെങ്കിലും കച്ചറയുണ്ടാക്കി വന്നാലോ? ഈ പേരിന്റെ പേരില്‍! അതാണ് കോഴിക്കോട്ടെ ‘കറാച്ചി’ ദര്‍ബാറിന്റെ പേരുമാറ്റത്തിന് പിന്നില്‍. കറാച്ചി പേരില്‍ വേണ്ടെന്ന് ചിലരുടെ അഭിപ്രായം മാനിച്ചാണ് റസ്റ്റോറന്റിന്റെ പേരിലെ ‘കറാച്ചി’ ഉടമ മറച്ചു. കോഴിക്കോട് കറാച്ചി ദര്‍ബാര്‍ ഹോട്ടലിന്റെ ബോര്‍ഡിലെ പേരാണ് കഴിഞ്ഞ ദിവസം ഉടമ ജംഷി ഉദയാസ് പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് മറച്ചത്.

പാകിസ്താനുമായി അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഹൈദരാബാദിലും ബംഗളൂരുവിലും കറാച്ചി ബേക്കറികള്‍ക്കുനേരെ ആക്രമണം നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹോട്ടലുടമകള്‍ മുന്‍കരുതലെടുത്തത്. ജംഷി ഉദയാസും സഹോദരന്‍മാരും പൊറ്റമ്മല്‍ ജംക്ഷനിലും കടപ്പുറത്തും രണ്ടു കറാച്ചി ദര്‍ബാര്‍ റസ്റ്ററന്റുകള്‍ നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം പൊറ്റമ്മലിലെ റസ്റ്റോറന്റില്‍ സ്ഥിരമായി ഭക്ഷണം കഴിക്കാനെത്തുന്ന ചിലരാണ് പേരിലെ ‘കറാച്ചി’ മാറ്റുന്നതിനെക്കുറിച്ച് നിര്‍ദേശിച്ചത്. അന്നതു കാര്യമാക്കിയില്ലെങ്കിലും മൂന്നു ദിവസം കഴിഞ്ഞ് വീണ്ടുമെത്തിയ ഇവര്‍ പേരു മാറ്റുന്നതിനെക്കുറിച്ച് ആവര്‍ത്തിച്ചതായും ജംഷി പറഞ്ഞു. ഭീഷണിയൊന്നും ഉണ്ടായില്ലെങ്കിലും നിലവിലെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് പേരിലെ കറാച്ചി മറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിച്ച് ബോര്‍ഡിലെ ‘ക’ മറയ്ക്കുകയായിരുന്നു. ഗള്‍ഫില്‍ ഏറെ പ്രസിദ്ധമായ റസ്റ്റോറന്റ് ചെയിനാണ് കറാച്ചി ദര്‍ബാര്‍.
ദുബായിയിലെ കറാച്ചി ദര്‍ബാറില്‍ ഉപയോഗിക്കുന്ന ഗരം മസാലയും ഇറാനി മസാലയും മാത്രം ഉപയോഗിച്ച് ഭക്ഷണമൊരുക്കുന്നതിനാലാണ് കറാച്ചി ദര്‍ബാര്‍ എന്ന പേരു നല്‍കിയത്.

Exit mobile version