കൊച്ചി ചെരുപ്പ് കമ്പനിയിലെ തീപിടുത്തം; കെട്ടിട ഉടമ ഗുരുതരമായ നിയമലംഘനം നടത്തി, കെട്ടിടം പൊളിച്ച് കളയണമെന്ന് അന്വേഷണറിപ്പോര്‍ട്ട്

കോട്ടയം-എറണാകുളം മേഖല ഫയര്‍ ഓഫീസര്‍മാരുടെ സംഘമാണ് റിപ്പോര്‍ട്ട് കൈമാറിയത്

കൊച്ചി: കൊച്ചിയില്‍ ചെരുപ്പ് കമ്പനിയില്‍ തീപിടുത്തം ഉണ്ടായതിന്റെ അന്വേഷണറിപ്പോര്‍ട്ട് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം കൈമാറി. റിപ്പോര്‍ട്ടില്‍ കമ്പനിയുടെ ആറുനില കെട്ടിടം പൊളിച്ചു കളയണമെന്നാണ് നിര്‍ദേശിക്കുന്നത്. കോട്ടയം-എറണാകുളം മേഖല ഫയര്‍ ഓഫീസര്‍മാരുടെ സംഘമാണ് റിപ്പോര്‍ട്ട് കൈമാറിയത്.

കെട്ടിട ഉടമ ഗുരുതരമായ നിയമലംഘനം നടത്തിയെന്നും അനുമതി ഇല്ലാതെ കെട്ടിടത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതാണ് തീപിടിത്തത്തിന്റെ ആഘാതം കൂടാന്‍ കാരണമെന്നും ഇലക്ട്രിക് പാനല്‍ ബോര്‍ഡില്‍ നിന്നുമാണ് തീപടര്‍ന്നത് എന്നുമാണ് അന്വേഷണ റിപ്പോര്‍ട്ട്.

ചെരുപ്പ് കമ്പനിയിലെ അഗ്‌നിശമന സംവിധാനം പ്രവര്‍ത്തനരഹിതമാണെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം അന്വേഷണം നടത്തിയത്. ഫാല്‍ക്കണ്‍ ഏജന്‍സിക്കെതിരെ നടപടി ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

അതേ സമയം കമ്പനി മാനേജര്‍മാരായ ഫിലിപ്പ് ചാക്കോ, ജോണ്‍ എന്നിവരില്‍ നിന്ന് പോലീസ് മൊഴി എടുത്തിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് ഇരുവരും പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ നിര്‍മ്മാണ നിയമങ്ങള്‍ ലംഘിച്ചാണ് ഇവര്‍ ഗോഡൗണ്‍ പണിതതെന്ന് നഗരസഭാ മേയറും ആരോപിച്ചു.

Exit mobile version