കാസര്‍കോട് ഇരട്ട കൊലപാതകം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

എറണാകുളത്തേക്കാണ് എസ്പിയെ മാറ്റിയത്. കൂടുതല്‍ സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീങ്ങിയതോടെയാണ് നടപടിയെന്നാണ് ആരോപണം.

കാസര്‍കോട്: പെരിയ ഇരട്ടകൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ക്രൈംബ്രാഞ്ച് എസ്പി വിഎം മുഹമ്മദ് റഫീഖിനെയാണ് അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയത്. അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത്. എറണാകുളത്തേക്കാണ് എസ്പിയെ മാറ്റിയത്. കൂടുതല്‍ സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീങ്ങിയതോടെയാണ് നടപടിയെന്നാണ് ആരോപണം.

ക്രൈം ബ്രാഞ്ച് എസ്പി സാബു മാത്യു ആണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍. കാസര്‍കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടിപി രഞ്ജിത്തിനെയും സ്ഥലം മാറ്റി. കോഴിക്കോടേക്കാണ് സ്ഥലം മാറ്റം. അതേസമയം നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം പരാതി നല്‍കി. പോലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡി ചീഫ് സെക്രട്ടറിക്കുമാണ് പരാതി നല്‍കിയത്.

Exit mobile version