ബിജെപിക്കുമേല്‍ ആധിപത്യം പുലര്‍ത്തി ആര്‍എസ്എസ്; തന്ത്രങ്ങള്‍ വിജയം കണ്ടു; ഗവര്‍ണര്‍ സ്ഥാനം ഉപേക്ഷിച്ച് കുമ്മനം തിരുവനന്തപുരത്ത് മത്സരിച്ചേക്കും

Kummanam Rajasekharan34

തിരുവനന്തപുരം: ബിജെപിയിലെയും ആര്‍എസ്എസിലേയും ആശങ്കകള്‍ക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ പദവി ഒഴിയുന്നു. ആര്‍എസ്എസ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ബിജെപി നേതൃത്വം ഇതിന് പച്ചക്കൊടി കാട്ടിയെന്നാണ് കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറെ വിജയസാദ്ധ്യത പ്രതീക്ഷിക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആര്‍എസ്എസ് താത്പര്യം. ഗവര്‍ണര്‍ പദവി ഒഴിയുന്നതിന് പിന്നാലെ ഇക്കാര്യത്തിലും തീരുമാനമുണ്ടാവും.

കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള അനുമതി തേടി കേരളത്തിലെ ആര്‍എസ്എസ് നേതൃത്വം ദേശീയ നേതൃത്വത്തെയും ബിജെപി കേന്ദ്ര നേതൃത്വത്തെയും സമീപിച്ചെങ്കിലും ആദ്യ പ്രതികരണം അനുകൂലമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പാലക്കാട്ടെത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ കണ്ട് സംസ്ഥാനത്തെ ആര്‍.എസ്എസ് നേതാക്കള്‍ ആവശ്യം ശക്തമായി ഉന്നയിച്ചു. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജനാഥ് സിംഗുമായി സംസാരിച്ച ശേഷം കുമ്മനത്തെ ഗവര്‍ണര്‍ പദവിയില്‍ നിന്നൊഴിവാക്കാന്‍ അമിത് ഷാ അനുവാദം നല്‍കിയെന്നാണ് വിവരം. പൊതുതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വരുന്നതിന് മുമ്പ് കുമ്മനം ഗവര്‍ണര്‍ പദവി രാജിവയ്ക്കുമെന്നാണ് അറിയുന്നത്.

Exit mobile version