യാത്രയ്ക്കിടയില്‍ നെഞ്ചുവേദന; അസഹനീയ വേദനയിലും ജോലി തുടര്‍ന്നു, പിടിവിട്ടതോടെ സഡന്‍ ബ്രേക്ക് ഇട്ടു, പിന്നാലെ സ്റ്റീയറിംഗിലേയ്ക്ക് കുഴഞ്ഞു വീണു! കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരണത്തിന് കീഴടങ്ങിയത് യാത്രികരെ സുരക്ഷിതമാക്കിയ ശേഷം

ബസില്‍ 25ലധികം യാത്രക്കാരുണ്ടായിരുന്നു.

കോട്ടയം: നെഞ്ച് വേദനയെടുത്ത് പുളയുമ്പോഴും യാത്രികരുടെ ജീവന്‍ സുരക്ഷിതമാക്കി മരണത്തിലേയ്ക്ക് നടന്നു കയറുന്ന ഡ്രൈവര്‍മാരുടെ ധീരത ഒത്തിരി നാം കണ്ടിട്ടുണ്ട്. അതുപോലെ ഒരു ഡ്രൈവറുടെ ധീര മരണം ആണ് ഇവിടെയും കാണാനാകുന്നത്. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ പാലാ വെട്ടിക്കുളം തിടനാട് തട്ടാപ്പറമ്പില്‍ സാജു മാത്യു (43) ആണ് യാത്രികരുടെ സുരക്ഷിതത്വം നോക്കി മരണം വരിച്ചത്.

ഇന്ന് രാവിലെ 9:30 എംസി റോഡില്‍ കോടിമത നാലുവരിപ്പാതയിലായിരുന്നു സംഭവം. ഈരാറ്റുപേട്ടയില്‍ നിന്നും തിരുവനന്തപുരത്തിന് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ഡ്രൈവറായിരുന്നു സാജു. ബസ് കോടിമത പാലത്തില്‍ എത്തിയപ്പോള്‍ സാജുവിന് നെഞ്ചിന് വേദന അനുഭവപ്പെട്ടു.

തുടര്‍ന്ന് ബസിന്റെ നിയന്ത്രണം നഷ്ടമാകുമെന്ന് ഭയന്ന് ബസ് റോഡരികിലേക്ക് നിര്‍ത്തി ഹാന്‍ഡ് ബ്രേക്ക് ഇട്ടു. പൊടുന്നനെ സാജു സ്റ്റിയറിംഗിലേയ്ക്ക് മറിഞ്ഞു വീഴുകയായിരുന്നു. കണ്ടക്ടര്‍ അനീഷും യാത്രികരും സാജുവിന്റെ പക്കലിലേയ്ക്ക് ഓടിയെത്തി. ബസില്‍ 25ലധികം യാത്രക്കാരുണ്ടായിരുന്നു. ബസിലുണ്ടായിരുന്ന നഴ്സുമാര്‍ സാജുവിനെ വാഹനത്തില്‍ കിടത്തി പ്രഥമ ശുശ്രൂഷ നല്‍കി. ശേഷം യാത്രികരുടെ സഹായത്തോടെ ആശുപത്രിയിലേയ്ക്ക് മാറ്റി. പക്ഷേ അപ്പോഴേയ്ക്കും സാജു മരണപ്പെട്ടിരുന്നു.

Exit mobile version