ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ അടിക്കടി ഉണ്ടാകുന്ന തീപിടുത്തം; അട്ടിമറി സംശയം ഉന്നയിച്ച് മേയര്‍ സൗമിനി ജെയിന്‍

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തരംതിരിക്കാത്ത മാലിന്യ കൂമ്പാരത്തിലാണ് തീപിടുത്തം ഉണ്ടായത്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ അടിക്കടി ഉണ്ടാകുന്ന തീപ്പിടുത്തതില്‍ അട്ടിമറി സംശയിക്കുന്നതായി മേയര്‍ സൗമിനി ജെയിന്‍. മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീ പിടുത്തത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും, പോലീസിനും കോര്‍പ്പറേഷന്‍ പരാതി നല്‍കും. അതേ സമയം തീപിടുത്തം ഇനിയും ആവര്‍ത്തിച്ചാല്‍ ബ്രഹ്മപുരത്തെ മാലിന്യ ശേഖരണം തടയുമെന്ന നിലപാടിലാണ് പ്രദേശവാസികള്‍.

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തരംതിരിക്കാത്ത മാലിന്യ കൂമ്പാരത്തിലാണ് തീപിടുത്തം ഉണ്ടായത്. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യശേഖരത്തില്‍ തീ പിടിച്ചതോടെ പരിസരം മുഴുവന്‍ കറുത്ത പുകയും, ദുര്‍ഗന്ധവുമാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമന സേനാ യൂണിറ്റുകള്‍ അഞ്ച് മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. കഴിഞ്ഞമാസവും ഇത്തരത്തില്‍ ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിന് തീപിടിച്ചിരുന്നു.

മാലിന്യ പ്ലാന്റില്‍ അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് കോര്‍പ്പറേഷന്റെ നിലപാട്. അതേ സമയം ഇനി സുരക്ഷ ഉറപ്പാക്കാതെ മാലിന്യ നിക്ഷേപം അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികളും പ്ലാന്റ് സ്ഥിതി ചെയ്യുന്ന വടവുകോട് പഞ്ചായത്തും. തീ വളരെ പെട്ടന്ന് പരിസരമാകെ പടര്‍ന്നതില്‍ ദുരൂഹതയുണ്ടെന്ന് അഗ്‌നിശമന സേനയും പറഞ്ഞു.

Exit mobile version