താളത്തെ ആസ്വാദകമനസ്സിലേക്ക് നിറച്ച പഞ്ചാരിയിലെ മേളസൗന്ദര്യം, പാതിയില്‍ താളം മുറിഞ്ഞ യുവകലാകാരന്മാര്‍..! സുരാജിന്റെ ഷോയില്‍ പങ്കെടുക്കുന്നതിന് മുമ്പ് കൊലക്കത്തിക്ക് ഇരയായി; വീണ്ടും ഇടനെഞ്ചില്‍ നീറ്റലായി ശരതും കൃപേഷും

കാസര്‍കോട്: താളത്തെ ആസ്വാദകമനസ്സിലേക്ക് നിറച്ച് പഞ്ചാരിയില്‍ മേളസൗന്ദര്യം സൃഷ്ടിച്ചവരായിരുന്നു ശരതും കൃപേഷും.. പാതിയില്‍ താളം മുറിഞ്ഞ യുവകലാകാരന്മാര്‍.. അവര്‍ കൊട്ടിക്കയറിയത് നാട്ടിലെ ആഘോഷപരിപാടികളില്‍ മാത്രമല്ല, ജില്ലയ്ക്ക് പുറത്തുള്ള എത്രയോ ഘോഷയാത്രകളില്‍ ഇരുവരും മുന്നില്‍ നിന്ന് നയിച്ച കല്ല്യോട്ട് യുവജന വാദ്യകലാസംഘക്കാരുണ്ടായിരുന്നു.

വാദ്യകലാസംഘത്തിന്റെ പ്രഥമ സെക്രട്ടറി ശരത്‌ലാല്‍ ആയിരുന്നു. രാഷ്ട്രീയമോ മറ്റോ നോക്കാതെ പഞ്ചാരിമേളത്തിന്റെ ഓര്‍ഡര്‍ സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കുകയും മേളപ്പൊലിമ നിറച്ച് ഘോഷയാത്രകളെ ആകര്‍ഷകമാക്കുകയും ചെയ്യും. ഇവിടെ രാജീവ്ജി ക്ലബ്ബും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ അംഗങ്ങളായി 70 പേര്‍ ഉണ്ട്. ഈ ക്ലബ്ബ് അംഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ തന്നെയാണ് വാദ്യകലാസംഘത്തിലുമുള്ളത്.

വാദ്യകലയ്ക്ക് പുറമെ മിമിക്രിയിലും ശരത്ലാല്‍ തിളങ്ങി. വല്ലപ്പോഴും കാണുന്ന ആളുകളായാലും ആദ്യം കാണുന്ന അപരിചിതരായാലും ശരത്ലാലിന് വിഷയമല്ല, അനുകരിക്കാന്‍ മിടുക്കനാണ്. തിളക്കമാര്‍ന്ന ഒരു പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഈ മിടുക്കനെ തേടിയെത്തിയത് സ്വകാര്യചാനലിന്റെ കോമഡി ഷോ പരിപാടിയിലേക്കുള്ള പ്രവേശനമായിരുന്നു. സൂരാജ് വെഞ്ഞാറമൂടിനൊപ്പം ചാനല്‍പരിപാടിയില്‍ പങ്കെടുക്കാന്‍ കിട്ടിയ അവസരം. ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാനുള്ള വലിയ സന്തോഷം പങ്കിടുന്നതിനിടെയാണ് കൊലക്കത്തി ജീവനെടുത്തത്.

സിനിമാനടന്മാരും രാഷ്ട്രീയനേതാക്കളും തൊട്ട് നാട്ടുകാരില്‍ ചിലരെക്കൂടി അനുകരിച്ച് കൂട്ടുകാര്‍ക്കു മുമ്പില്‍ തന്റെ അനുകരണകലയെ സമ്പന്നമാക്കും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മിമിക്രിക്ക് പുറമെ നാടകത്തേയും നെഞ്ചോടുചേര്‍ത്തു. നാടകത്തട്ടില്‍ അഭിനയത്താല്‍ ജ്വലിച്ചു. കോളേജ് പഠനകാലത്ത് നാടകസംവിധായകന്റെ വേഷവും അണിഞ്ഞു. കോളേജ് പഠനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഹ്രസ്വചിത്രങ്ങളുടെ കൂട്ടുകാരനായി. ഒന്നിലേറെ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തു.

മൈതാനത്തുനിന്ന് വാരിക്കൂട്ടിയ ട്രോഫികളുണ്ട് കൃപേഷിന്. എന്നാല്‍ ഇതെല്ലാം ഒരിടത്തിരുന്ന് ആ ഓട്ടത്തിന്റെ ഓര്‍മകള്‍ക്ക് തിളക്കം കൂട്ടില്ല. കാരണം ഒറ്റമുറി ഓലക്കുടിലില്‍ ട്രോഫികള്‍ വയ്ക്കാനിടമില്ലല്ലോ. ബന്ധുക്കളുടേയും കൂട്ടുകാരുടേയും വീട്ടില്‍ അവ താരപ്രഭ ചൊരിയുന്നു. നൂറ്, ഇരുനൂറ് മീറ്റര്‍ ഓട്ടത്തില്‍ ഉപജില്ലാ-ജില്ലാതലത്തില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവച്ച സ്‌കൂള്‍കാലത്തെയാണ് കൃപേഷിനെക്കുറിച്ചു പറയുമ്പോള്‍ സഹപാഠികള്‍ക്ക് ഓര്‍ത്തെടുക്കാനുള്ളത്. ലോങ്ജംപില്‍ റെക്കോഡ് ഭേദിച്ച നേട്ടമൊക്കെ കൃപേഷിന്റെ സ്‌കൂള്‍ജീവിതത്തിലുണ്ട്. ഫുട്‌ബോളായിരുന്നു ഏറെ ഇഷ്ടം.

ഫോര്‍വേഡ് കളിക്കാരനാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉപജില്ലാ ഫുട്‌ബോള്‍ടീം അംഗമായിരുന്നു. സ്‌കൂള്‍വിദ്യാഭ്യാസത്തിന് ശേഷം അവന്‍ നാട്ടിലെ ഫുട്‌ബോള്‍താരമായി. അഞ്ചിലും ആറിലുമൊക്കെ പഠിക്കുന്ന കുട്ടികളെ ഫുട്‌ബോള്‍ പഠിപ്പിച്ചു. ജില്ലയിലേയും മറ്റു ജില്ലയിലേയും ഫുട്‌ബോള്‍ ടീമുകള്‍ക്ക് വേണ്ടി പല ടൂര്‍ണമെന്റുകളിലും കളിച്ചു. ഓരോ സീസണ്‍ കാലത്തും കൃപേഷ് ഫുട്‌ബോള്‍ തിരക്കിലമരുമായിരുന്നു. ഓര്‍മയില്‍ സൂക്ഷിക്കാന്‍ ആ നിറമുള്ള യൂണിഫോറം

കൂട്ടുകാരന്‍ ദീപുകൃഷ്ണന്റെ കല്യാണത്തെ കുറിച്ചായിരുന്നു കഴിഞ്ഞ കുറേ നാളുകളായി രാജീവ്ജി ക്ലബ്ബിലെ ചര്‍ച്ച.ആ ക്ലബ്ബിന്റെ പ്രസിഡന്റ് കൂടിയാണ് ദീപു. ഇന്ന് (വ്യാഴാഴ്ച) ആണ് കല്യാണം നടക്കേണ്ടിയിരുന്നത്. കൃപേഷിന്റെയും ശരത്ലാന്റേയും വിയോഗത്തെ തുടര്‍ന്ന് കല്യാണം മാറ്റിവയ്ക്കുകയായിരുന്നു. ‘കല്യാണത്തിന് ഞങ്ങള്‍ ക്ലബ്ബ് അംഗങ്ങളെല്ലാം ഒരേതരത്തിലുള്ള ഡ്രസ് ധരിക്കണം…’ ശരത്‌ലാലാണ് ഇതു പറഞ്ഞത്. ഡ്രസ് കോഡ് പറഞ്ഞതും അവന്‍ തന്നെ. കല്ല്യോട്ടെ വസ്ത്രശാലയിലെത്തി ഡ്രസ് കോഡ് നല്‍കി. കല്ല്യോട്ട് ഭഗവതിക്ഷേത്ര കഴകം പെരുങ്കളിയാട്ട സ്വാഗതസംഘയോഗം നടന്ന ഞായറാഴ്ച രാവിലെയാണ് കടക്കാരന്‍ തുണി വന്നിട്ടുണ്ടെന്ന് പറയുന്നത്.

ക്ഷേത്രത്തില്‍ വൊളന്റിയര്‍മാരായതിനാല്‍ ഇവര്‍ ഒത്തുകൂടിയത് വൈകീട്ടാണ്. ക്ലബ്ബംഗങ്ങള്‍ കൂടുപീടിക(സ്ഥിരമായി ഇരിക്കുന്ന ഇടം)യില്‍ ഇരുന്ന് യൂണിഫോറം തയ്‌ക്കേണ്ടതിനെക്കുറിച്ചും മറ്റും പരസ്പരം പറഞ്ഞു. ഓരോരുത്തരും അവരവരുടെ അളവ് പറഞ്ഞു. അതെല്ലാം കൃപേഷ് കടലാസില്‍ എഴുതി. വസ്ത്രം വാങ്ങാനുള്ള പൈസ ആരും എടുത്തിട്ടുണ്ടായിരുന്നില്ല. അങ്ങനെയാണെങ്കില്‍ തത്കാലം പണം താന്‍ എടുക്കാമെന്ന് ശരത്ലാല്‍ പറഞ്ഞു. വീട്ടിലാണ് പണം. കട ഒമ്പതരവരെയങ്കിലുമുണ്ടാകും. അപ്പോഴേക്കും പണം എടുത്തിട്ട് അവിടെയെത്താം. അതിനിടെ സുഹൃത്തുക്കള്‍ പലവഴിക്കായി തിരിഞ്ഞു. കൃപേഷിനേയും കൂട്ടി ശരത്ലാല്‍ വീട്ടിലേക്ക് പോയി. ഈ യാത്രയിലാണ് കുടിപ്പകയുടെ കൊലക്കത്തി ഇരുവരുടേയും ജീവനെടുത്തത്.

Exit mobile version