തകര്‍ന്ന് വീഴാറായ വീട്ടില്‍ ഇനി തല ചായ്‌ക്കേണ്ട; കൂട്ടുകാരികളുടെ സന്മനസിലും കൈക്കരുത്തിലും നവ്യയ്ക്ക് സ്‌നേഹവീട് ഒരുങ്ങുന്നു

നവ്യയുടെ വീടിന്റെ ശോച്യാവസ്ഥ കണ്ടറിഞ്ഞ കോളേജിലെ കൂട്ടുകാരികളാണ് വീട് നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

കണ്ണൂര്‍: ഏത് നിമിഷവും നിലംപൊത്താവുന്ന വീട്ടില്‍ നിന്നും അടച്ചുറപ്പുള്ള സ്വന്തം വീട് എന്ന സ്വപ്‌നം ഇനി നവ്യയ്ക്കും കുടുംബത്തിനും വിദൂരമല്ല. കണ്ണൂര്‍ കൃഷ്ണമേനോന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ നവ്യയുടെ വീടിന്റെ ശോച്യാവസ്ഥ കണ്ടറിഞ്ഞ കോളേജിലെ കൂട്ടുകാരികളാണ് വീട് നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. തെങ്ങില്‍ നിന്ന് വീണ് കിടപ്പിലായ അച്ഛനും അമ്മയും രണ്ട് സഹോദരിമാരും അടങ്ങുന്ന നവ്യയുടെ കുടുംബം ഇടിഞ്ഞു വീഴാറായ തറവാട്ട് വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ക്ക് സുരക്ഷിതമായി കഴിയാനായി വീടൊരുക്കാന്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ കോളേജിലെ പെണ്‍കരുത്ത് ഒരുങ്ങുകയായിരുന്നു.

സോപ്പ് നിര്‍മ്മാണത്തിലൂടെയാണ് ഈ കുടുംബത്തിന്റെ ഉപജീവന മാര്‍ഗം കണ്ടെത്തുന്നത്. സ്വപ്നക്കൂട് എന്ന പേരിലാണ് എന്‍എസ്എസ് യൂണിറ്റ് പദ്ധതി നടപ്പാക്കുന്നത്. 2019 ഫെബ്രുവരി അവസാനത്തോടെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. വീടിന്റെ നിര്‍മ്മാണത്തിന് പണം സ്വരൂപിച്ച് നല്‍കുക മാത്രമല്ല, നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് കല്ലും മണ്ണും ചുമക്കുന്നത് വരെ ഈ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ്.

കൃഷ്ണമേനോന്‍ ഗവ. വനിതാ കോളേജിലെ ഒന്നാം വര്‍ഷം സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥിയാണ് നവ്യ. ചെറിയൊരു കൂരയില്‍ ജീവിതം തള്ളിനീക്കുന്ന ഇവരുടെ കഷ്ടപ്പാട് കണ്ടാണ് ഇത്തരമൊരു പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചതെന്ന് എന്‍എസ്എസ് യൂണിറ്റ് അംഗങ്ങള്‍ അറിയിച്ചു. സുമനസ്സുകളുടെ സഹകരണത്തോടെയാണ് സ്നേഹവീടിന്റെ നിര്‍മ്മാണം. അഞ്ച് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വീടിന്റെ നിര്‍മ്മാണത്തിന് 3.5 ലക്ഷം രൂപയാണ് ഇതിനോടകം സ്വരൂപിച്ചിരിക്കുന്നത്. കൂടുതല്‍ പേര്‍ സഹായവുമായി മുന്നോട്ട് വരുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ എസ്ബി പ്രസാദ് പറഞ്ഞു. ഫോണ്‍. 9539002721.

Exit mobile version