പരീക്ഷാ നടത്തിപ്പ് ഹൈടെക്കാകാന്‍ കാലിക്കറ്റ് സര്‍വകലാശാല; ചോദ്യപേപ്പര്‍ ഓണ്‍ലൈനില്‍

തേഞ്ഞിപ്പലം: പരീക്ഷാ നടത്തിപ്പിലും ഹൈടെക്കാകാന്‍ കാലിക്കറ്റ് സര്‍വകലാശാല.
ചോദ്യപേപ്പര്‍ ഓണ്‍ലൈനായി വിതരണം ചെയ്ത് പരീക്ഷ നടത്താന്‍ നടപടി തുടങ്ങി. എംബിഎ അല്ലെങ്കില്‍ എംസിഎ പരീക്ഷയ്ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈനായി ചോദ്യക്കടലാസ് നല്‍കും. മൂന്നുമാസത്തിനകം ഇതിനുള്ള ഒരുക്കം നടത്തും. വിജയകരമാണെങ്കില്‍ ഒരുവര്‍ഷത്തിനകം എല്ലാ പരീക്ഷകള്‍ക്കും ഓണ്‍ലൈനായിത്തന്നെ ചോദ്യക്കടലാസ് നല്‍കും.

അതത് പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാര്‍ക്ക് ഇ-മെയിലിലാകും ചോദ്യക്കടലാസ് അയയ്ക്കുക. പരീക്ഷയുടെ നിശ്ചിത സമയത്തിനു മുന്‍പായി ഒറ്റത്തവണ പാസ്വേഡ് നല്‍കി (ഒടിപി) മാത്രമേ ഇത് തുറക്കാനാകൂ.

അതിവേഗ പ്രിന്റര്‍ ഉപയോഗിച്ച് ഇത് അച്ചടിച്ച് പരീക്ഷാഹാളില്‍ വിതരണം ചെയ്യും. ചോദ്യക്കടലാസ് പാക്കിങ്, വിതരണം എന്നിങ്ങനെ കൂടുതല്‍ സമയം ആവശ്യമായിവരുന്ന ജോലികളെല്ലാം സര്‍വകലാശാലയ്ക്ക് ലാഭിക്കാനാകും. പരീക്ഷാകണ്‍ട്രോളര്‍ ഡോ. വിവി ജോര്‍ജുകുട്ടി, സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. സി.എല്‍. ജോഷി എന്നിവരെയാണ് പദ്ധതിക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

Exit mobile version