കൊച്ചി പെട്രോ കെമിക്കല്‍ കോംപ്ലക്‌സില്‍ യുഎഇ നിക്ഷേപത്തിന് സാധ്യത; ഇതിനായി ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

തൃശൂര്‍: കൊച്ചിയിലെ പെട്രോ കെമിക്കല്‍ കോംപ്ലക്‌സില്‍ യുഎഇയുടെ ദേശീയ എണ്ണ കമ്പനിയായ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക് ) നിക്ഷേപത്തിന് താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി തന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അബുദാബിയിലെ അഡ്നോക് ആസ്ഥാനത്ത് സഹമന്ത്രിയും അഡ്‌നോക് ഗ്രൂപ്പ് സിഇഒയുമായ ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബറുമായി നടത്തിയ ചര്‍ച്ചയിലാണ് സന്നദ്ധത അറിയിച്ചത്. ഇതിനായി ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും ധാരണയായി എന്ന് മുഖ്യമന്ത്രി അറിയിച്ചു.

നിക്ഷേപ സാധ്യതകളെക്കുറിച്ച് സമിതി പഠനം നടത്തും. ഇതിനുശേഷം ഡോ. സുല്‍ത്താന്‍ അഹ്മദ് അല്‍ ജാബറിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. പെട്രോളിയം മേഖലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ഇന്ത്യ തങ്ങളുടെ പ്രഥമ പരിഗണനയിലാണെന്നും ഏറെ സാധ്യതകളാണ് ഈ രംഗത്ത് ഇന്ത്യയിലുള്ളതെന്നും സുല്‍ത്താന്‍ ജാബര്‍ പറഞ്ഞു.

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന മേഖലകളില്‍ നിക്ഷേപം നടത്താന്‍ കൂടിക്കാഴ്ചയില്‍ അഭ്യര്‍ത്ഥിച്ചു. നിക്ഷേപത്തിനനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിലവിലുള്ളത്. പെട്രോളിയം മേഖലയിലെ വികസനത്തിനാവശ്യമായ സ്ഥലസൗകര്യം കൊച്ചിയില്‍ ഇതിനകം ലഭ്യമാണെന്നും അവരോട് പറഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി, എംഎ. യൂസഫ് അലി, അഡ്‌നോക് ആക്ടിങ് സിഇഒ മുഹമ്മദ് അല്‍ അര്‍യാന്‍, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Exit mobile version