തെരഞ്ഞെടുപ്പ് ഓര്‍മ്മിപ്പിച്ച് ആരും ഭീഷണിപ്പെടുത്തേണ്ട; ഭരണഘടനയും പാര്‍ലമെന്റും വിശ്വാസത്തിന് താഴെയല്ല: എംഎം മണി

സംസ്ഥാന സര്‍ക്കാറിനെ വെല്ലുവിളിക്കാനും അസ്ഥിരപ്പെടുത്താനുമാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വരുമെന്ന് ഓര്‍മ്മിപ്പിച്ച് എല്‍ഡിഎഫിനെ ആരും ഭീഷണിപ്പെടുത്തേണ്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണിയുടെ മറുപടി. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പേരില്‍ കലാപം അഴിച്ചുവിട്ട് സംസ്ഥാന സര്‍ക്കാറിനെ വെല്ലുവിളിക്കാനും അസ്ഥിരപ്പെടുത്താനുമാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി രംഗത്തെത്തുകയായിരുന്നു മന്ത്രി.
ഭരണഘടനയും പാര്‍ലമെന്റും നിയമവും എല്ലാം വിശ്വാസത്തിന് താഴെയാണെന്ന ഇവരുടെ വാദം അംഗീകരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാറിന് കഴിയില്ല. സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. സുപ്രീംകോടതി വിധിയെ ആദ്യം ദേശീയതലത്തില്‍ സ്വാഗതം ചെയ്തവരാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വങ്ങള്‍.

പിന്നീടാണ് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി സംസ്ഥാനത്ത് രാഷ്ട്രീയ നേട്ടം കൊയ്യാമെന്നുള്ള ബോധ്യത്തിലേക്ക് അവരെത്തിയത്. വര്‍ഗീയത ആളിക്കത്തിച്ച് കലാപത്തിന് നീക്കം നടത്തുന്നവര്‍ സുപ്രീംകോടതിയില്‍ റിവ്യുപെറ്റീഷന്‍ നല്‍കി അവര്‍ക്ക് അനുകൂലമായ വിധി കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. പകരം കലാപനീക്കം നടത്തുന്നത് വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നും എംഎം മണി പറഞ്ഞു.

Exit mobile version