അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍, തെരഞ്ഞെടുപ്പിന് പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കില്ല; വ്യവസായികള്‍

ലോക്സഭ തെരഞ്ഞടുപ്പ് അടുത്ത് വരാനിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ വന്‍കിട വാണിജ്യ വ്യവസായികള്‍ ഇത്തരത്തിലൊരു ആലോചന നടത്തുന്നത്

കൊച്ചി: സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലിനെതിരെ നിലപാട് സ്വീകരിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കേണ്ടതില്ലെന്ന് വ്യവസായികളുടെ യോഗത്തില്‍ ആലോചന. കേരളത്തെ ഹര്‍ത്താല്‍ വിമുക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ ചേര്‍ന്ന വാണിജ്യ വ്യവസായ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രിയെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും നേരില്‍ കണ്ട് അടുത്ത ദിവസം തന്നെ അറിയിക്കും.

ലോക്സഭ തെരഞ്ഞടുപ്പ് അടുത്ത് വരാനിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ വന്‍കിട വാണിജ്യ വ്യവസായികള്‍ ഇത്തരത്തിലൊരു ആലോചന നടത്തുന്നത്. രാഷട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തുക സംഭാവന കൊടുക്കുന്നത് തങ്ങളെ പോലുള്ള വ്യവസായികളാണ്. എന്നാല്‍ ഹര്‍ത്താല്‍ ഒഴിവാക്കണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകുന്നില്ലെന്നും ഹര്‍ത്താലിനിടെ നടക്കുന്ന അക്രമങ്ങളില്‍ വാണിജ്യ വ്യവസായ മേഖലക്ക് ഭീമമായ നഷ്ടങ്ങളാണ് ഉണ്ടാകുന്നതെന്നും വാണിജ്യ വ്യവസായ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

ഇതിനു പുറമെ ഹര്‍ത്താല്‍ ഉണ്ടാക്കുന്ന വിഷമതകളെ കുറിച്ച് പൊതു ജനങ്ങള്‍ക്കിടയില്‍ വിവിധ തരത്തിലുള്ള പ്രചാരണ പരിപാടികള്‍ നടത്താനും തീരുമാനിച്ചു. ഹര്‍ത്താല്‍ പൂര്‍ണമായി നിരോധിക്കണം എന്നാവശ്യപ്പെട്ട് നിയമ നടപടി തുടങ്ങും. ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമം തടയാന്‍ ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും വിശദമായ കര്‍മ്മ പദ്ധതി തയ്യാറാക്കാനായി ഒന്‍പതംഗ സബ് കമ്മറ്റിയെയും യോഗം തെരഞ്ഞെടുത്തു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് ആണ് വിവിധ ജില്ലകളില്‍ നിന്നുള്ള വാണിജ്യ വ്യവസായ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊച്ചിയില്‍ യോഗം സംഘടിപ്പിത്.

Exit mobile version