ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിന് കന്യാസ്ത്രീകള്‍ക്കെതിരെ പ്രതികാര നടപടി; എസ്ഓഎസ് വീണ്ടും സമരത്തിലേക്ക്!

കൊച്ചി: ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ ലൈംഗികാതിക്രമണ കേസില്‍ നീതി തേടി സമരം ചെയ്ത കന്യാസ്ത്രീകള്‍ക്കെതിരെ നടപടി സ്വീകരിച്ച സഭയ്‌ക്കെതിരെ വീണ്ടും സമരം. സ്ഥലംമാറ്റല്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ‘സേവ് അവര്‍ സിസ്റ്റേഴ്സ്’ സമരം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ കോട്ടയം പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്താണ് ഐക്യദാര്‍ഢ്യസമിതി കണ്‍വെന്‍ഷന്‍ നടക്കുക. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച കന്യാസ്ത്രീകളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന. പ്രതി ബിഷപ്പ് സ്ഥാനത്ത് തുടരുന്നത് കേസിന്റെ തുടര്‍ നടപടികളെ ബാധിക്കുന്നതാണ്. അതുകൊണ്ട് ഫ്രാങ്കോയെ ബിഷപ്പ് സ്ഥാനത്തുനിന്ന് നീക്കാന്‍ ജലന്ധര്‍ രൂപതയുടെ ഭരണച്ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സംസ്ഥാനവ്യാപക സമരം നടത്തുമെന്ന മുന്നറിയിപ്പുമുണ്ട്.

ജാമ്യത്തിലുള്ള ഫ്രാങ്കോയ്ക്ക് കേരളത്തിലേക്ക് വരാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ കന്യാസ്ത്രീകളെ കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റി ശാരീരികവും മാനസികവുമായി തളര്‍ത്തി പ്രതിക്ക് അനൂകൂലസാഹചര്യം സൃഷ്ടിക്കാനാണ് ശ്രമമെന്നും സമിതി നേതൃത്വം കുറ്റപ്പെടുത്തി.

പുരോഹിതരുള്‍പ്പെട്ട ലൈംഗികപീഡന കേസുകള്‍ ഉയര്‍ത്തിയ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വത്തിക്കാനില്‍ ഈ മാസം ചേരുന്ന ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ സംഘാടകരിലൊരാളായ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രശ്‌നത്തില്‍ ഇടപെടണമെന്നും സമിതി ആവശ്യപ്പെട്ടു.

സമരനേതാവായ സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെ നാലുപേരെയാണ് വെവ്വേറെ സ്ഥലങ്ങളിലേക്ക് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാരായ അനുപമ, ജോസഫിന്‍, ആല്‍ഫി, നീന റോസ് എന്നിവരെയാണ് സ്ഥലം മാറ്റിയത്.

Exit mobile version