പരസ്യ വിമര്‍ശനം വിനയായി; ഒറ്റപ്പെട്ട് എ പത്മകുമാര്‍; ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം തെറിച്ചേക്കും

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനു പ്രസ്താവനകള്‍ വിനയാകുന്നു. പ്രതിഷേധം അലയടിച്ചതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യവിമര്‍ശനവും പുറത്തുവന്നതോടെ സിപിഎമ്മിലും ബോര്‍ഡിലും ഒറ്റപ്പെട്ട നിലയിലാണു പത്മകുമാര്‍. അധ്യക്ഷസ്ഥാനത്തു നീക്കാനുള്ള ശ്രമവും നടക്കുന്നതായാണു സൂചനയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷമാണു പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ഒരു വര്‍ഷം കൂടി അദ്ദേഹത്തിനു കാലാവധിയുണ്ട്. ഇതേസമയം, മുഖ്യമന്ത്രിയുടെ വിമര്‍ശനം സംബന്ധിച്ച് പ്രതികരിക്കാന്‍ ഇതുവരെ പത്മകുമാര്‍ തയാറായിട്ടില്ല.

സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നിലപാടിനു വിരുദ്ധമായി പ്രതികരിച്ചുവെന്നാണു മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ആരോപണം. പത്മകുമാറിനു മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സംശയവും പാര്‍ട്ടിയിലെ ചില നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ രൂക്ഷവിമര്‍ശനത്തിനു ശേഷം പാര്‍ട്ടി നേതൃത്വത്തോടു പോലും സംസാരിക്കാന്‍ അദ്ദേഹം തയാറാകുന്നില്ലെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ, താന്‍ ഉറച്ച അയ്യപ്പഭക്തനാണെന്നു സാക്ഷ്യപ്പെടുത്തുന്ന പത്മകുമാറിന്റെ പ്രസംഗത്തിന്റെ ഓഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.

Exit mobile version