ശബരിമല യുവതീപ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ഉള്‍പ്പടെ എല്ലാ ഹര്‍ജികളും ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ആകെ 55 പുനഃപരിശോധനാ ഹര്‍ജികളാണുള്ളത്. ഈ പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്.

കൂടാതെ, ഹൈക്കോടതി മേല്‍നോട്ട സമിതിയെ നിയോഗിച്ചതു ചോദ്യം ചെയ്തും ഹൈക്കോടതിയിലെ 23 ഹരജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജികളും കൂട്ടത്തിലുണ്ട്. തന്ത്രിക്കും മറ്റുമെതിരെ 2 കോടതിയലക്ഷ്യ ഹര്‍ജികളും സുപ്രീംകോടതിയിലുണ്ട്.

ബുധനാഴ്ച രാവിലെ 10:30നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്‍, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണു ഹരജികള്‍ പരിഗണിക്കുക.

നേരത്തെ, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായിരുന്നതിനാല്‍ ജനുവരി 22ന് ഹര്‍ജികള്‍ പരിഗണിക്കാന്‍ സാധിച്ചിരുന്നില്ല.

Exit mobile version