ഉപരാഷ്ട്രപതിയെ സ്വീകരിക്കാന്‍ പുതിയ റോഡ് വെട്ടിപൊളിച്ച് കൈവരികള്‍ സ്ഥാപിച്ചു..! പതിവില്ലാത്ത പ്രവര്‍ത്തി അംഗീകരിക്കാനാകില്ല; പ്രതിഷേധിച്ച് നാട്ടുകാര്‍

കോട്ടയം: ഉപരാഷ്ട്രപതിയെ സ്വീകരിക്കാന്‍ പുതിയ റോഡ് വെട്ടിപൊളിച്ച്
കൈവരികള്‍ സ്ഥാപിച്ചതിനെതിരെ കോട്ടയത്ത് വലിയ പ്രതിഷേധം. ടാര്‍ ചെയ്ത് ആഴ്ചകള്‍ മാത്രമായ റോഡാണ് പൊളിച്ച് നാശാക്കിയതെന്ന് പരാതി ഉയരുന്നു. പതിവില്ലാതെ ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ജില്ലയിലെത്തിയ ഉപരാഷ്ട്രപതിയുടെ സുരക്ഷയ്ക്കായി റോഡുകള്‍ വെട്ടിപ്പൊളിച്ചത് അംഗീകരിക്കാനാവില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

പോലീസ് സ്റ്റേഡിയം മുതല്‍ മാമ്മന്‍ മാപ്പിള ഹാള്‍ വരെയും, കഞ്ഞിക്കുഴി വഴി നാട്ടകം ഗസ്റ്റ് ഹൗസിലേക്കുള്ള വഴിയിലുമാണ് റോഡ് വെട്ടിപൊളിച്ച് കൈവരികള്‍ തീര്‍ത്തത്. കൈവരിക്കായി ജനറല്‍ ആശുപത്രിക്ക് മുന്നില്‍ അടുത്തിടെ പാകിയ ടൈല്‍സും സിമന്റും വെട്ടിപ്പൊളിച്ചെന്ന് ആക്ഷേപമുയരുന്നു. ജനറല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൈവരികള്‍ വലിയ തടസ്സം സൃഷ്ടിച്ചിരുന്നു.

മാത്രമല്ല വലിയ രീതിയിലുള്ള ഗതാഗതനിയന്ത്രണവും നഗരത്തെ ബുദ്ധിമുട്ടിച്ചെന്നും പരാതി ഉയരുന്നു. രാവിലെ പത്ത് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ കോട്ടയം നഗരത്തിലേക്ക് ഒരു വലിയ വാഹനവും കടത്തിവിട്ടിരുന്നില്ല. 10 മണി മുതല്‍ 11.30 മണി വരെയും ഒരു മണി മുതല്‍ രണ്ടര മണി വരെയും ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതോടെ ഇട റോഡുകളുള്‍പ്പടെ ഗതാഗതക്കുരുക്കിലമര്‍ന്നു.

Exit mobile version