ഫെഡറല്‍ മര്യാദകള്‍ ലംഘിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പേക്കൂത്ത്..! ചെലവ് എല്ലാം സംസ്ഥാനത്തിനും ക്രെഡിറ്റ് എല്ലാം കേന്ദ്രത്തിനും, ഇനിയും ജനങ്ങളെ വഞ്ചിക്കാന്‍ അനുവദിക്കില്ല; തുറന്നടിച്ച് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: എല്ലാവിധ ഫെഡറല്‍ മര്യാദകളുടെ ലംഘനമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തുന്നതെന്ന് തുറന്നടിച്ച് മന്ത്രി തോമസ് ഐസക്ക്. കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിച്ച പുതിയ പദ്ധതിക്ക് പേര് മാത്രമാണ് കണ്ടെത്തിയത്, ”കാരുണ്യ സാര്‍വ്വത്രിക ആരോഗ്യ സുരക്ഷ പദ്ധതി”.പദ്ധതി നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാറിനെ അറിയിക്കാതെ ആയുഷ്മാന്‍ ഭാരത് സേവന ആനുകൂല്യത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ആളുകളെ തെരഞ്ഞെടുത്ത് നേരിട്ട് കത്തയക്കുകയാണെന്ന് മന്ത്രി തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി..

കേന്ദ്ര സര്‍ക്കാറിന്റെ ഈ തട്ടിപ്പ് നടക്കില്ലെന്നും കേരളത്തിലെ ജനതയെ വഞ്ചിക്കാന്‍ കേന്ദ്രത്തിന്റെ പൊള്ളത്തരത്തിന് കൂട്ടുനിക്കില്ലെന്നും മന്ത്രി തറപ്പിച്ച് പറയുന്നു.

അതേസമയം പദ്ധതിക്ക് എത്ര രൂപവരെ ഇന്‍ഷൂറന്‍സ് കമ്പനികള്‍ കൊടുക്കുമെന്നതിനേ കുറിച്ചോ, ആനുകൂല്യത്തിന്റെ വലുപ്പം എന്നിവ സംബന്ധിച്ച് ഇപ്പോള്‍ വിളിച്ചിരിക്കുന്ന ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാലേ തീരുമാനമാകൂ. എതൊക്കെ രോഗങ്ങള്‍ക്കാണ് പണം നല്‍കുക. ഏതൊക്കെ സ്വകാര്യ ആശുപത്രികളാണ് ഇതിനായി തെരഞ്ഞടുക്കുക. എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ തീരുമാനിക്കുന്നതിനിടെയിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ആളുകളെ പദ്ധതിയിലേക്ക് തെരഞ്ഞെടുതത്തായി അറിയിച്ച് കത്തുകളയക്കുന്നത്.

അതേസമയം ഇങ്ങനെ കത്തയക്കാന്‍ കേന്ദ്രത്തിന് ചെലവ് 43 രൂപ. ആ പണം കൂടി പദ്ധതിക്ക് തന്നുകൂടേയെന്നും മന്ത്രി ചോദിക്കുന്നു. അതായത് കേരളത്തില്‍ പദ്ധതി ചെലവി 1000 കോടി രൂപ. കേന്ദ്രം തരുന്നത് 120 കോടിയില്‍ തഴെയെന്നും മന്ത്രി കണക്കു നിരത്തി വിശദ്ധീകരിക്കുന്നു. ചെലവ് എല്ലാം സംസ്ഥാനത്തിനും ക്രെഡിറ്റ് എല്ലാം കേന്ദ്രത്തിനും ഇതു നടക്കാന്‍ പോകുന്നില്ലെന്നും മന്ത്രി പറയുന്നു.. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം..

തോമസ് ഐസക്കിന്റെ പോസ്റ്റ് ഇങ്ങനെ…

എല്ലാവിധ ഫെഡറൽ മര്യാദകളെയും ലംഘിച്ചുകൊണ്ടുള്ള കോമാളിക്കളിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തുന്നത്. നാട്ടിൽ എല്ലായിടത്തും സ്പീഡ് പോസ്റ്റിൽ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് കത്തുകൾ വന്നുകൊണ്ടിരിക്കുകയാണ്. അവരെ ആയുഷ്മാൻ ഭാരത് സേവന ആനുകൂല്യങ്ങൾക്കുള്ള അവകാശികളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന വാർത്തയാണ് കത്തിലുള്ളത്. അഞ്ച് ലക്ഷം രൂപയുടെ വരെ ആരോഗ്യ പരിരക്ഷ അവർക്ക് ഉറപ്പു നൽകുന്നു. സംസ്ഥാന സർക്കാരിന്റെ തലയ്ക്ക് മുകളിലൂടെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് നേരിട്ട് അറിയിച്ചുകൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് സ്കീം നടപ്പാക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ആ തീരുമാനങ്ങൾ എടുത്തുകൊണ്ടിരിക്കുകയാണ്. അതിനുപോലും കാത്തുനിൽക്കാൻ തയ്യാറല്ല. ക്രെഡിറ്റ് തങ്ങൾക്കു തന്നെ വേണം. അതുകൊണ്ട് അഡ്വാൻസായി കാർഡ് അയച്ചുകൊണ്ടിരിക്കുകയാണ്. എന്തൊരു അൽപ്പത്തരമാണിത്.

ഏപ്രിൽ മാസം മുതൽ കേരളത്തിൽ ഈ സ്കീം നടപ്പാക്കുന്നതിനുള്ള ധാരണാപത്രമാണ് ഒപ്പുവച്ചിരിക്കുന്നത്. അത് എങ്ങനെയാണ് കേരളത്തിൽ നടപ്പാക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിട്ടേയുള്ളൂ. പുതിയ സ്കീമിന്റെ പേര് “കാരുണ്യ സാർവ്വത്രിക ആരോഗ്യ സുരക്ഷ പദ്ധതി” എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഘടന, ആനുകൂല്യത്തിന്റെ വലുപ്പം എന്നിവ സംബന്ധിച്ച് ഇപ്പോൾ വിളിച്ചിരിക്കുന്ന ടെണ്ടർ നടപടികൾ പൂർത്തീകരിച്ചാലേ തീരുമാനമാകൂ. എത്ര ലക്ഷം രൂപവരെയാണ് ഇൻഷ്വറൻസ് കമ്പനി നേരിട്ട് നൽകുക? ഇതിനുപുറമേ അഞ്ച് ലക്ഷം രൂപ വരെ ഏതെല്ലാം രോഗങ്ങൾക്കാണ് സർക്കാർ നേരിട്ട് ആശുപത്രിക്ക് പണം നൽകുന്നത്? ഇക്കാര്യങ്ങളെല്ലാം സംബന്ധിച്ച് തീരുമാനം എടുത്തു കഴിഞ്ഞിട്ടില്ല. അതിലുപരി സ്വകാര്യ ആശുപത്രികളിൽ ഏതെല്ലാം ആശുപത്രികളെയാണ് ഈ സ്കീമിൽ അക്രെഡിറ്റേഷൻ നൽകുക എന്നതും തീരുമാനിച്ചിട്ടില്ല. സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ സേവനങ്ങൾ നൽകാൻ തയ്യാറാകുന്ന ആശുപത്രികളെ മാത്രമേ ഉൾപ്പെടുത്തൂ. ഇതൊക്കെ തീരുമാനിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് കേന്ദ്രസർക്കാരിന്റെ കത്ത് വീടുകളിൽ എത്തിക്കൊണ്ടിരിക്കുന്നത്.

കത്തിൽ ഒരു മുന്നറിയിപ്പുമുണ്ട്. “ഈ കത്ത് മാത്രമായി അർഹതയ്ക്കുള്ള സാക്ഷ്യപത്രമാകുന്നില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന വേളയിൽ ഈ കാർഡിന് പുറമേ ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, ആർഎസ്ബിവൈ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം നിങ്ങൾ ഹാജരാക്കണം”. ആർഎസ്ബിവൈയിൽ അംഗങ്ങളായി 42 ലക്ഷം പേർ കേരളത്തിലുണ്ട്. അതിൽ 18.5 ലക്ഷം പേർക്കാണ് കേന്ദ്രസർക്കാർ തെരഞ്ഞെടുത്ത് കത്ത് അയക്കുന്നത്. സോഷ്യോ ഇക്കണോമിക് സെൻസസ് മാനദണ്ഡങ്ങൾ പരിഗണിച്ചാണത്രെ ഇവരെ തെരഞ്ഞെടുക്കുന്നത്. ആര് എങ്ങനെ തെരഞ്ഞെടുത്തു എന്നൊന്നും ചോദിക്കരുത്. ഇതുപോലൊരു പ്രഹസനം എന്തിനു വേണ്ടി?

കത്ത് ഒന്നിന് അച്ചടിയും തപാലുമടക്കം 43 രൂപയിലേറെ ചെലവു വരും. ഈ പണവുംകൂടി പദ്ധതി നടത്തിപ്പിന് ചെലവഴിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ആളൊന്നിന് ഇൻഷ്വറൻസിന് 1100 രൂപയേ പരമാവധി ആയുഷ്മാൻ ഭാരതിൽ നിന്നും ലഭിക്കൂ. 660 രൂപയാണ് കേന്ദ്രത്തിൽ നിന്നും ലഭിക്കുക. ബാക്കി സംസ്ഥാനം വഹിക്കണം. 5 ലക്ഷം രൂപ ആനുകൂല്യമുള്ള ഒരു ഇൻഷ്വറൻസ് പരിപാടിക്ക് ചുരുങ്ങിയത് 8000 രൂപയെങ്കിലും പ്രീമിയം കൊടുക്കേണ്ടി വരും. ബാക്കി മുഴുവൻ തുകയും സംസ്ഥാനം വഹിക്കണം. അങ്ങനെ 660 രൂപ തരുന്നുണ്ടെന്നു പറഞ്ഞ് 8000 രൂപയുടെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് കേന്ദ്രസർക്കാരിന്റെ ഈ കത്തയപ്പ് വെപ്രാളം മുഴുവൻ.

കേരളത്തിൽ 18.5 ലക്ഷം പേരിൽ ഈ ആരോഗ്യ പരിപാടി ചുരുക്കാനല്ല തീരുമാനം. ബജറ്റ് പ്രസംഗത്തിൽ പറഞ്ഞതുപോലെ ഇപ്പോൾ ആർഎസ്ബിവൈയിൽ അംഗങ്ങളായിട്ടുള്ള 42 ലക്ഷം കുടുംബങ്ങൾക്കെങ്കിലും പുതിയ പദ്ധതിയിൽ അർഹതയുണ്ടാകും. വേറെ ആരോഗ്യ ഇൻഷ്വറൻസുള്ള ജീവനക്കാരെയും പെൻഷൻകാരെയും പോലുള്ള വിഭാഗക്കാരെ മാറ്റി നിർത്തിയാൽ പിന്നെയും ബാക്കി വരുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സ്വന്തം കൈയിൽ നിന്നും പ്രീമിയം അടച്ച് ഈ പദ്ധതിയിൽ അംഗത്വം എടുക്കുകയും ചെയ്യാം. അങ്ങനെ കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും ഉൾക്കൊള്ളിക്കുന്ന സാർവ്വത്രിക ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

ഇന്ത്യയിൽ ഒരു സംസ്ഥാനത്തും 5 ലക്ഷം രൂപയ്ക്ക് നേരിട്ട് ഇൻഷ്വറൻസ് പദ്ധതി ആയുഷ്മാൻ ഭാരതിൽ ഇല്ല. കേന്ദ്രസർക്കാരിനും അങ്ങനെ വാശിയില്ല. അതുകൊണ്ടാണല്ലോ കേന്ദ്രസർക്കാരിന്റെ പ്രീമിയം 660 രൂപയായി നിജപ്പെടുത്തിയിട്ടുള്ളത്. ഒന്നോ രണ്ടോ ലക്ഷം രൂപയ്ക്ക് ഇൻഷ്വറൻസ് കമ്പനിയും ബാക്കി സർക്കാർ നേരിട്ട് ആശുപത്രികൾക്ക് പണം നൽകുന്ന സമ്പ്രദായവുമാണ് എല്ലാ സംസ്ഥാനങ്ങളും പിന്തുടരുന്നത്. കേരളവും ഇതേ മാതൃകയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്. ഇൻഷ്വറൻസ് കമ്പനികളോട് ഒരു ലക്ഷം രൂപയ്ക്കും രണ്ട് ലക്ഷം രൂപയ്ക്കുമുള്ള ഇൻഷ്വറൻസ് ക്വാട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവർ പറയുന്ന തുക കൂടി പരിഗണിച്ചിട്ടായിരിക്കും ഇതു സംബന്ധിച്ച തീരുമാനം എടുക്കുക. കേരളത്തിൽ പദ്ധതി നടപ്പാക്കുന്നതിന് പരമാവധി 1000 കോടി രൂപ ചെലവാക്കാം എന്നാണ് ബജറ്റിൽ പറഞ്ഞിട്ടുള്ളത്. ഇതിൽ കേന്ദ്ര സർക്കാരിന്റെ വിഹിതം 120 കോടി രൂപയിൽ താഴെയായിരിക്കും. ചെലവ് എല്ലാം സംസ്ഥാനത്തിനും ക്രെഡിറ്റ് എല്ലാം കേന്ദ്രത്തിനും ഇതു നടക്കാൻ പോകുന്നില്ല. കേന്ദ്രസർക്കാരിന്റെ അവകാശവാദത്തിന്റെ പൊള്ളത്തരത്തെ ജനങ്ങളുടെ മുന്നിൽ തുറന്നു കാണിക്കുകതന്നെ ചെയ്യും.

Exit mobile version