വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ പിടിച്ചെടുക്കും; കര്‍ശന നടപടിക്ക് ഉത്തരവിട്ട് കണ്ണൂര്‍ കളക്ടര്‍

തട്ടുകടകളുടെ സുരക്ഷയെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ തട്ടുകടകളില്‍ കര്‍ശന പരിശോധ നടത്താന്‍ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കണ്ണൂര്‍; വൃത്തിഹീനമായ ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി. തട്ടുകടകളുടെ സുരക്ഷയെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ തട്ടുകടകളില്‍ കര്‍ശന പരിശോധ നടത്താന്‍ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

തട്ടുകടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജനങ്ങളുടെ വിശ്വാസ കേന്ദ്രങ്ങളായ ആരാധനാലയങ്ങള്‍ക്ക് ഭഷ്യസുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വലിയ ഉത്തരവാദിത്വമാണുള്ളതെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. മുഴുവന്‍ ആരാധനാലയങ്ങളും ഭക്ഷ്യ സുരക്ഷ നിയമത്തിന് കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ബോഗ് (ബ്ലിസ്ഫുള്‍ ഹൈജീനിക് ഓഫറിംഗ് ടു ഗോഡ്) ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് ഫെബ്രുവരി അവസാന വാരം അവലോകന യോഗം ചേരാനും ബോഗ് പദ്ധതിയെക്കുറിച്ച് ആരാധനാലയങ്ങള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ ലഭ്യമാക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി.

ആരാധനാലയങ്ങളില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബോഗ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി എല്ലാ ആരാധനാലയങ്ങള്‍ക്കും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് ആക്ട് പ്രകാരം ലൈസന്‍സ് നിര്‍ബന്ധമാക്കും. ഇരിട്ടിയിലെ ഒരു അമ്പലത്തില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ശര്‍ക്കര പരിശോധിച്ചതിനെ തുടര്‍ന്ന് വന്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന മായം കണ്ടെത്തിയതായി ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ യോഗത്തെ അറിയിച്ചു. ഇതെത്തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ പരിശോധന നടത്തുകയും റോഡമിന്‍ ബി കണ്ടെത്തിയ ശര്‍ക്കര നിരോധിക്കുകയും ചെയ്തിരുന്നു.

ആരാധനാലയങ്ങളില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്ന മായങ്ങള്‍ എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ച് ഇവര്‍ ബോധവാന്മാരായിരിക്കണമെന്നും യോഗം വ്യക്തമാക്കി. ആരാധനാലയങ്ങളോട് ചേര്‍ന്നുള്ള ഓഡിറ്റോറിയങ്ങളും ഭക്ഷ്യസുരക്ഷയ്ക്ക് കീഴില്‍ കൊണ്ടുവരികയും ഇവിടങ്ങളിലേക്ക് വെള്ളമെടുക്കുന്ന കിണറുകള്‍ പരിശോധിക്കുകയും ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. മായം കണ്ടെത്തേണ്ട രീതികളെക്കുറിച്ചും ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും യോഗം വിശദീകരിച്ചു.

Exit mobile version