ആചാരം ലംഘിച്ചാല്‍ അപ്പോള്‍ നടയടക്കുമെന്ന് പറഞ്ഞ തന്ത്രി അന്ന് എവിടെയായിരുന്നു? മുന്‍പ് മേല്‍ശാന്തിയുടെ മകള്‍ ആചാരം ലംഘിച്ച് ശബരിമലയില്‍ കയറിയിട്ടും നടയടച്ചില്ലെന്ന് വിമര്‍ശനം

ആചാരം ലംഘിച്ച മേല്‍ശാന്തിക്കും ദേവസ്വം ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി വേണമെന്ന നിര്‍ദേശവും തന്ത്രി പരിഗണിച്ചില്ല.

പമ്പ: നേരത്തെ ശബരിമല മേല്‍ശാന്തിയുടെ മകള്‍ ആചാരം ലംഘിച്ച് ശബരിമലയില്‍ എത്തിയിട്ടും അന്ന് തന്ത്രി ക്ഷേത്രം അടച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ആചാരം ലംഘിച്ച മേല്‍ശാന്തിക്കും ദേവസ്വം ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി വേണമെന്ന നിര്‍ദേശവും തന്ത്രി പരിഗണിച്ചില്ല. എല്ലാം കഴിഞ്ഞ ശേഷം പ്രായശ്ചിത്തവും പരിഹാര പൂജകളും നടത്തി വിഷയം ലളിതവത്ക്കരിക്കുകയായിരുന്നു തന്ത്രിയടക്കമുള്ളവര്‍ ചെയ്തത്.

നാല് വര്‍ഷം മുന്‍പ് വിഷു ഉത്സവ സമയത്തായിരുന്നു അന്നത്തെ മേല്‍ശാന്തി പിഎന്‍ നാരായണന്‍ നമ്പൂതിരിയുടെ മകള്‍ സന്നിധാനത്തെത്തിയത്. പതിനെട്ടാം പടി കയറിയെന്ന് മാത്രമല്ല രണ്ട് ദിവസം അവര്‍ സന്നിധാനത്ത് തങ്ങുകയും ചെയ്തു. എന്നാല്‍ പരിഹാര പൂജകള്‍ക്കുള്ള തുക മേല്‍ശാന്തിയില്‍ നിന്ന് ഈടാക്കി അന്നത്തെ ദേവസ്വം ബോര്‍ഡും യുഡിഎഫ് സര്‍ക്കാരും വിവാദത്തില്‍ നിന്ന് തലയൂരുകയായിരുന്നെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

ശബരിമല മേല്‍ശാന്തിയുടെ മകള്‍ ആചാരം ലംഘിച്ച് സന്നിധാനത്തെത്തിയപ്പോള്‍ അന്നതിനെ ന്യായീകരിക്കുകയായിരുന്നു യുഡിഎഫും ബിജെപിയും. സംഗതി വിവാദമായതോടെ ദേവസ്വം വിജിലന്‍സ് വിഷയം അന്വേഷിച്ചു. ആചാര ലംഘനമുണ്ടായെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും റിപ്പോര്‍ട്ട് പൂഴ്ത്തി.

ആചാരലംഘനമുണ്ടായിട്ടും ക്ഷേത്രമടക്കുമെന്ന പ്രഖ്യാപനമൊന്നും തന്ത്രി നടത്തിയില്ല. മാത്രമല്ല വിഷയത്തില്‍ മേല്‍ശാന്തിയെ ന്യായീകരിച്ച് ജന്മഭൂമിയും ആര്‍എസ്എസും രംഗത്തെത്തി. 2014 മെയ് ഒന്‍പതിന്റെ ജന്മഭൂമി ഓണ്‍ലൈനിലാണ് മേല്‍ശാന്തിയുടെ മകളുടെ ക്ഷേത്രദര്‍ശം ന്യായീകരിച്ച് വാര്‍ത്ത നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയും നടപടിയൊന്നും എടുത്തിരുന്നില്ല.

എന്നാല്‍ സമൂഹത്തിനും വിശ്വാസികള്‍ക്കും മുന്നില്‍ തെറ്റിദ്ധരിക്കപ്പെടുന്ന രീതിയില്‍ ഈ വിഷയം ചിത്രീകരിച്ചതില്‍ വിഷമമുണ്ടെന്നും കാലോചിതമായ ചര്‍ച്ചകള്‍ ഇത്തരം കാര്യങ്ങളില്‍ വേണമെന്നുമായിരുന്നു യോഗക്ഷേമ സഭാ പ്രസിഡന്റ് അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് അന്ന് പറഞ്ഞത്.

ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ ക്ഷേത്രം അടച്ച് താക്കോല്‍ കൈമാറുമെന്ന് തന്ത്രി കണ്ഠരര് രാജീവരുടെ നിലപാട് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അതിന് പിന്നാലെയാണ് മുന്‍പത്തെ വിഷയം തന്ത്രിയുടെ ശ്രദ്ധയിലേക്ക് മാധ്യമങ്ങളിലൂടെ എത്തിക്കാന്‍ ശ്രമിക്കുന്നത്.

അതേസമയം, ക്ഷേത്രം അടയ്ക്കാനുള്ള അവകാശം തന്ത്രിക്കില്ലെന്നും ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ മാത്രം സ്വത്താണെന്നും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Exit mobile version