കന്യാസ്ത്രീയ്‌ക്കെതിരായ പരാമര്‍ശം: എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് പിസി പുറത്ത്

ജോര്‍ജിനു പകരം പിറവം എംഎല്‍എ അനൂപ് ജേക്കബിനെ ഉള്‍പ്പെടുത്തി. എ. പ്രദീപ്കുമാറാണു സമിതിയുടെ അധ്യക്ഷന്‍

തിരുവനന്തപുരം: പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിനെ നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണു നടപടി. ജോര്‍ജിനു പകരം പിറവം എംഎല്‍എ അനൂപ് ജേക്കബിനെ ഉള്‍പ്പെടുത്തി. എ. പ്രദീപ്കുമാറാണു സമിതിയുടെ അധ്യക്ഷന്‍.

കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ ജോര്‍ജിനെതിരായ പരാതി എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണ്. കന്യാസ്ത്രീയെ അവഹേളിച്ചതില്‍ സമിതി ജോര്‍ജില്‍നിന്നു തെളിവെടുത്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ഈ കമ്മിറ്റിയില്‍ ജോര്‍ജ് തുടരുന്നതില്‍ നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. അതേസമയം, തനിക്കെതിരേയുള്ള പരാതി പരിഗണിച്ച സമിതിയോഗങ്ങളില്‍ ചട്ടമനുസരിച്ച് ജോര്‍ജ് പങ്കെടുത്തിരുന്നില്ല.

അതേസമയം ഭൂമി കൈയേറ്റം, പരിസ്ഥിതി നിയമ ചട്ടലംഘനം തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പി.വി.അന്‍വര്‍ എംഎല്‍എയെ നിയമസഭയുടെ പരിസ്ഥിതി സമിതിയില്‍ സ്പീക്കര്‍ നിലനിര്‍ത്തിയിട്ടുണ്ട്.

Exit mobile version