ആറ് കോടിയുടെ ഭാഗ്യം കടാക്ഷിച്ചെന്ന് നാട്ടുകാര്‍, ഒരിക്കല്‍പോലും ലോട്ടറിയെടുത്തിട്ടില്ലെന്ന് വീട്ടമ്മ; ഭാഗ്യവാനെ തിരഞ്ഞ് കേരളം

കൊച്ചി: ആറ് കോടിയുടെ ആ ഭാഗ്യവാനെ തിരഞ്ഞ് കേരളം. നറുക്കെടുപ്പ് കഴിഞ്ഞ് ദിവസങ്ങളായിട്ടും ഭാഗ്യവാനെ കണ്ടെത്താനാവാത്ത വിഷമത്തിലാണ് നാട്ടുകാര്‍. 6 കോടി രൂപ ഒന്നാം സമ്മാനമുള്ള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍ നറുക്കെടുപ്പ് ബുധനാഴ്ചയായിരുന്നു.

വൈകിട്ട് 4 മണിയോടെ നറുക്കെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ കൊല്ലത്തിനാണ് ബംപര്‍ സമ്മാനമെന്ന വാര്‍ത്തയും പരന്നു. വൈകിട്ട് 7 മണിയോടെ പെരുമ്പുഴ പുനുക്കന്നൂര്‍ ചിറയ്ക്കടുത്തുള്ള സ്ത്രീക്കാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന വാര്‍ത്തയും പടര്‍ന്നു.

ഭാഗ്യദേവതയുടെ ‘കടാക്ഷം’ ലഭിച്ച ഇവരെ കാണാനായി മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഏഴര മണിയോടെ വീട്ടിലെത്തി. അപ്രതീക്ഷിതമായി ആളുകള്‍ എത്തുന്നതു കണ്ട് വിവരം തിരക്കിയപ്പോഴാണ് വിവരം വീട്ടുകാരറിയുന്നത്.

എന്നാല്‍ ജീവിതത്തില്‍ ഒരു പ്രാവശ്യം പോലും ലോട്ടറി ടിക്കറ്റ് എടുത്തിട്ടില്ലെന്ന് അവര്‍ പറഞ്ഞതോടെ നിരാശരായി മടങ്ങുകയായിരുന്നു എല്ലാവരും.

Exit mobile version