വേനലെത്തുന്നതിന് മുമ്പേ കുടിവെള്ള ക്ഷാമത്തില്‍ വലഞ്ഞ് വയനാട്; കതിനപ്പാറയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

അമ്പലവയല്‍ പഞ്ചായത്തിലെ ചീങ്ങേരി മലയടിവാരത്ത് താമസിക്കുന്ന കതിനപ്പാറയിലെ 17 കുടുംബങ്ങളാണ് മൂന്ന് മാസമായി കുടിവെള്ളം ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്.

കല്‍പ്പറ്റ: വേനല്‍ അടുക്കുംമുമ്പേ കുടിവെള്ള ക്ഷാമത്തില്‍ വലഞ്ഞ് വയനാട്. അമ്പലവയല്‍ പഞ്ചായത്തിലെ ചീങ്ങേരി മലയടിവാരത്ത് താമസിക്കുന്ന കതിനപ്പാറയിലെ 17 കുടുംബങ്ങളാണ് മൂന്ന് മാസമായി കുടിവെള്ളം ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്.

വേനലില്‍ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം ഉണ്ടാകുന്ന പ്രദേശങ്ങളിലൊന്നാണ് കതിനപ്പാറ. എന്നാല്‍, വേനല്‍ കനക്കുന്നതിന് മുമ്പേ തന്നെ കുടിവെള്ളം മുട്ടിയത് അധികൃതരുടെ അശ്രദ്ധയാണെന്നാണ് ആരോപണം. കാരാപ്പുഴ ഡാമില്‍ നിന്നുള്ള വന്‍കിട കുടിവെള്ള പദ്ധതിയുടെ പൈപ്പിടല്‍ ജോലികള്‍ ഇഴഞ്ഞു നീങ്ങുന്നതാണ് ഇപ്പോള്‍ ഈ കുടുംബങ്ങളുടെ കുടിവെള്ളം മുട്ടാന്‍ കാരണമായിരിക്കുന്നത്.

കഴിഞ്ഞ വേനല്‍ക്കാലത്ത് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ടാങ്കറില്‍ വെള്ളമെത്തിച്ചാണ് പ്രശ്നം പരിഹരിച്ചിരുന്നത്. എന്നാല്‍, ഇത്തവണ മൂന്ന് മാസമായിട്ടും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് അത്തരം നീക്കങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് കുടുംബങ്ങളുടെ പരാതി.

പുതിയ പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കാന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡരികില്‍ കുഴിയെടുത്തപ്പോള്‍ പഴയ ജലവിതരണ പൈപ്പുകള്‍ പലയിടങ്ങളിലായി പൊട്ടി. കുറ്റിക്കൈത മുതല്‍ അമ്പലവയല്‍ വരെയുള്ള ഭാഗങ്ങളില്‍ പലയിടങ്ങളിലായി പൈപ്പ് പൊട്ടിയപ്പോള്‍ കതിനപ്പാറയിലെ കുടുംബങ്ങള്‍ക്കുള്ള ജലവിതരണം പൂര്‍ണമായും തടസപ്പെട്ടു. മൂന്ന് ആഴ്ചയിലേറെയായി തുള്ളി വെള്ളം പോലും ലഭിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

Exit mobile version